
ലക്‌നൗ: ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കാറപകടത്തിൽ നിന്ന് രക്ഷപെടുത്തിയ യുവാവ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശ് മുസാഫർ നഗർ സ്വദേശിയായ രജത് കുമാർ (25) കാമുകിയുമൊത്ത് വിഷം കഴിക്കുകയായിരുന്നു. കാമുകി മനു കശ്യപ് (21) ചികിത്സയ്ക്കിടെ മരിച്ചു. വ്യത്യസ്ത ജാതിയായതിനാൽ
വിവാഹം കുടുംബം എതിർത്തതിനെത്തുടർന്ന് ഇരുവരും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബുച്ചാ ബസ്തിയിൽ കഴിഞ്ഞ ഒമ്പതിനാണ് സംഭവമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ മനു കശ്യപ് മരിച്ചതിന് പിന്നാലെ അമ്മ രജത് കുമാറിനെതിരെ മകളെ തട്ടിക്കൊണ്ടുപോയതിന് പൊലീസിൽ പരാതി നൽകി.
2022 ഡിസംബറിലാണ് ഋഷഭ് പന്തിനെ രജത് രക്ഷിക്കുന്നത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന പന്ത് സഞ്ചരിച്ച കാർ റൂർക്കിയിൽവച്ച് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുമറിയുകയും കത്തുകയുമായിരുന്നു. രക്ഷിക്കാൻ ഓടിയെത്തിയ ആദ്യരണ്ടുപേരിൽ ഒരാൾ രജതായിരുന്നു. പ്രദേശവാസിയായ നിഷു കുമാറിന്റെ സഹായത്തോടെ തീപടർന്ന കാറിൽ നിന്ന് പന്തിനെ സാഹസികമായി പുറത്തെത്തിച്ചു. രജത് കുമാറാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തതും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതും.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിലായിരുന്നു രജത് ജോലി ചെയ്തിരുന്നത്. ക്രിക്കറ്റ് താരമാണെന്ന് ഇരുവർക്കും അറിയില്ലായിരുന്നു. ഇരുവരുടെയും ധീരതയെ അന്ന് രാജ്യം പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഋഷഭ് പന്ത് ഇരുവർക്കും സ്‌കൂട്ടർ സമ്മാനമായി നൽകുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |