
ന്യൂഡൽഹി : ഉത്തർപ്രദേശ് കുശിനഗറിലെ മഅദ്നി മസ്ജിദ് പൊളിക്കൽ സുപ്രീംകോടതി തടഞ്ഞു. 1999ൽ, സ്വകാര്യ വ്യക്തിയുടെ പേരിലുള്ള സ്ഥലത്ത് നഗരസഭയുടെ അനുമതി അടക്കം നേടിയാണ് മസ്ജിദ് നിർമ്മിച്ചതെന്ന ഹർജിക്കാരി അസ്മാതുന്നിസയുടെ വാദം കോടതി പരിഗണിച്ചു.
ഫെബ്രുവരി 9ന് മസ്ജിദിന്റെ ഒരുഭാഗം അധികൃതർ പൊളിച്ചുനീക്കുകയായിരുന്നു. സർക്കാർ ഭൂമി കൈയേറി മസ്ജിദ് നിർമ്മിച്ചെന്ന് ആരോപിച്ച് രാം ബച്ചൻ സിംഗ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊളിക്കൽ.
നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം കഴിഞ്ഞ നവംബർ 13ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ബുൾഡോസർ നീതിയുമായി ബന്ധപ്പെട്ട വിധി കുശിനഗർ മസ്ജിദിന്റെ കാര്യത്തിൽ ലംഘിച്ചെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്ന്, കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഉത്തർപ്രദേശ് റവന്യൂ വകുപ്പിലെ അടക്കം ഉദ്യോഗസ്ഥരോട് കോടതി നിർദ്ദേശിച്ചു. നോട്ടീസ് അയയ്ക്കാനും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് വരെ തത്സ്ഥിതി നിലനിറുത്തണം. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
പൊളിക്കും മുമ്പ് തങ്ങളെ കേൾക്കാൻ തയ്യാറായില്ലെന്ന് ഹർജിക്കാരി ബോധിപ്പിച്ചു. സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടുള്ള മാർഗനിർദ്ദേശങ്ങൾ കാറ്റിൽപറത്തി. തിടുക്കത്തിലായിരുന്നു പൊളിക്കൽ നടപടികളെന്നും ചൂണ്ടിക്കാട്ടി. സ്ഥലം സബ് ഡിവിഷണൽ മജിസ്ട്രേട്ട് പരിശോധിച്ച് കൈയേറ്റമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നതാണ്. നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണം, വ്യക്തിഗത ഹിയറിംഗ് നടത്തണം തുടങ്ങിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് സ്വന്തം കൈയിൽ നിന്ന് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ആരാധനാലയ നിയമം:
കക്ഷിചേരുന്നവരുടെ
എണ്ണം നിജപ്പെടുത്തും
ന്യൂഡൽഹി: 1991ലെ ആരാധനാലയ നിയമം ചോദ്യം ചെയ്ത ഹർജിയിൽ കക്ഷിചേരുന്നവരുടെ എണ്ണം നിജപ്പെടുത്തുമെന്ന് സൂചിപ്പിച്ച് സുപ്രീംകോടതി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകൾ എത്തുന്ന സാഹചര്യത്തിലാണിത്.
ഇന്നലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന് മുന്നിൽ ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നു. മൂന്നംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയമായതിനാൽ ഇന്നലെ വാദം കേട്ടില്ല. ഏപ്രിൽ ആദ്യവാരം പരിഗണിക്കാനായി മാറ്റി.
ആരാധനാലയ നിയമത്തിനെതിരെ അഭിഭാഷകനായ അശ്വിനികുമാർ ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ കോൺഗ്രസ്, ഇടതു സംഘടനകൾ, മുസ്ലിം ലീഗ്, വാരാണസി ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിയവർ അപേക്ഷ നൽകിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ ഏതു സ്ഥിതിയിലായിരുന്നോ, അതിൽ മാറ്റം വരുത്തരുതെന്നാണ് ആരാധനാലയ നിയമത്തിലെ വ്യവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |