SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 AM IST

കേന്ദ്രത്തെ വിമർശിച്ച് തമിഴ്നാട് ബഡ്ജറ്റ്, തമിഴ് പരിപോഷിപ്പിക്കാൻ കോടികളുടെ പദ്ധതി

stalin

ചെന്നൈ: ഭാഷാപ്പോര് തുടരുന്നതിനിടെ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചും തമിഴ്ഭാഷയ്ക്കായി പദ്ധതികൾ ആവിഷ്കരിച്ചും തമിഴ്നാട് ബഡ്ജറ്റ്.

തമിഴ് ഭാഷയെ പരിപോഷിപ്പിക്കാനും പ്രചാരം ശക്തമാക്കാനും കോടിക്കണക്കിനുരൂപ അനുവദിച്ചു.

രാജ്യത്തിനകത്തും പുറത്തും പല ഭാഗങ്ങളിൽ തമിഴ് പുസ്തക മേളകൾ സംഘടിപ്പിക്കുക, മധുരയിൽ ഭാഷാ മ്യൂസിയം, മെഡിക്കൽ,​ എൻജിനിയറിംഗ് പാഠപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റുക തുടങ്ങി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ വത്കരിക്കുന്നതിനായി രണ്ട് കോടി, വിദേശത്ത് സ്ഥിരതാമസമാക്കിയ കുട്ടികളെ തമിഴ് ഭാഷയും സംസ്‌കാരവും പഠിപ്പിക്കാൻ പത്ത് കോടി, ലോക തമിഴ് ഒളിമ്പ്യാഡ് നടത്താൻ ഒരു കോടി, തിരുക്കുറൾ യു.എൻ അംഗരാജ്യങ്ങളുടെ ഔദ്യോഗികഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഒരു കോടി 33 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ഓരോ വർഷവും മികച്ച നൂറ് തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യും.

ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി തങ്കം തെന്നരസ് കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു. സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള 2,152 കോടിരൂപ തരാതെ കേന്ദ്രം തമിഴ്നാടിനെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർക്കുള്ള ശമ്പളവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആവശ്യമായ പണം തമിഴ്നാട് സ്വന്തം നിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാടിന്റെ വികസനത്തിന് ദ്വിഭാഷാനയം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. തമിഴ് ജനതയ്ക്ക് രാജ്യാന്തര നേട്ടങ്ങൾ കൈവരിക്കാൻ അത് നിർണായകമായെന്നും മന്ത്രി വ്യക്തമാക്കി.

ബഡ്ജറ്റ് സമ്മേളനം ബി.ജെ.പി ബഹിഷ്‌കരിക്കുകയും എ.ഐ.എ.ഡി.എം.കെ സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തമിഴ്നാട് സ്‌റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷൻ ലിമിറ്റഡുമായി (ടാസ്മാക്) ബന്ധപ്പെട്ട അഴിമതി ആരോപണം ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് സഭ ബഹിഷ്കരിച്ചത്.

കഴിഞ്ഞ ദിവസം ബഡ്ജറ്റിന്റെ ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം സ്റ്റാലിൻ സർക്കാർ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ ബി.ജെ.പി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360