SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 PM IST

ചാൻസലർ പദവി മാറ്റൽ ബില്ല് രാഷ്ട്രപതി തള്ളി, നടപടി കേരളത്തിന്റെ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

READ ENGLISH VERSION

draupadi-murmu-

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കാൻ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. 2021ലെ യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലും തള്ളി.

ഈ ബില്ലുകൾ ഗവർണർക്ക് തിരിച്ചയയ്ക്കും. രാഷ്ട്രപതിയുടെ നടപടിയുടെ വിവരങ്ങൾ സഹിതം ഗവർണർ ബില്ലുകൾ സർക്കാരിന് കൈമാറും. ഇതിന്മേൽ ഇനി നടപടികൾ അസാദ്ധ്യമാണ്. ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയും തീരുമാനമെടുക്കാതെ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടിയും ചോദ്യംചെയ്ത് കേരളം നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് ബില്ലുകൾ തള്ളിയത്.

ഇതടക്കം നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നൽകിയത്. നാലു ബില്ലുകൾക്ക് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലുകൾ 2022ലാണ് നിയമസഭ പാസാക്കിയത്. സർവകലാശാലകളുടെ സ്വയംഭരണം തകരുമെന്നും സർക്കാരിനെ ആശ്രയിക്കുന്ന ചാൻസലർമാർ വരുന്നതോടെ സർക്കാരിന്റെ അതിരുവിട്ട ഇടപെടലുകൾക്ക് സാഹചര്യം ഒരുങ്ങുമെന്നും അന്നത്തെ ഗവർണർ രാഷ്ട്രപതിയെ അറിയിച്ചിരുന്നു. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരം ഗവർണറിൽ നിന്ന് സർക്കാർ ഏറ്റെടുത്ത ബില്ലിലും ഗവർണർ രാഷ്ട്രപതിയോട് എതിർപ്പറിയിച്ചിരുന്നു. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്ജിയിൽ കുറയാത്ത ജുഡീഷ്യൽ ഓഫീസറായിരിക്കണം യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ എന്നാണ് നിലവിലെ ചട്ടം. നിയമഭേദഗതി പ്രകാരം നിയമനം സർക്കാരിന് നടത്താം.

ഹൈക്കോടതി ജഡ്ജിയായിരുന്നവർക്കും ജില്ലാ ജഡ്ജിയിൽ കുറഞ്ഞ റാങ്കുള്ളവർക്കും നിയമനം നൽകാം. ഹൈക്കോടതിയെ ഒഴിവാക്കിയുള്ള ട്രൈബ്യൂണൽ നിയമനം സർവകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള അതിരുവിട്ട ഇടപെടലായി മാറുമെന്നുമുള്ള ഗവർണറുടെ എതിർപ്പ് അംഗീകരിച്ചാണ് രാഷ്ട്രപതി ബിൽ തള്ളിയത്.

സർക്കാരിന് എതിർപ്പ്

#നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിക്കുന്നത് ആദ്യമായാണ്.

കേന്ദ്രനിയമത്തിന് വിരുദ്ധമല്ലാത്ത ബില്ലുകൾ രാഷ്ട്രപതിക്കയച്ച നടപടി ശരിയല്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

മുൻപ് ഗവർണർ ഒപ്പുവച്ച ഓർഡിനൻസുകളാണ് ബില്ലുകളാക്കിയതിൽ ഭൂരിഭാഗവും. ഇതിനും രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല.

തള്ളിയ ബില്ലുകൾ

# 2021ലെ യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനഭേദഗതി ഒന്നാംബിൽ (രണ്ടാംബില്ലിന് നേരത്തേ അംഗീകാരം നിഷേധിച്ചു)

# 2022ലെ ഗവർണറുടെ ചാൻസലർ സ്ഥാനമൊഴിവാക്കാനുള്ള രണ്ടാംബിൽ

(മൂന്നാം ബില്ലിന് നേരത്തേ അംഗീകാരം നിഷേധിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360