SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

ഇടക്കാല ആശ്വാസം : വഖഫ് വിവാദ വ്യവസ്ഥ തത്കാലം നടപ്പാക്കില്ല,​ തത്‌സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

READ ENGLISH VERSION
waqf

ന്യൂഡൽഹി: സുപ്രീംകോടതി കടുപ്പിച്ചതോടെ,​ വഖഫ് ഭേദഗതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ തത്കാലം നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. ഏഴു ദിവസത്തിനകം രേഖാമൂലം നിലപാട് അറിയിക്കണം. അതുവരെ തത്‌സ്ഥിതി തുടരാൻ സാഹചര്യമൊരുങ്ങി.

ദീർഘകാലമായി ഉപയോഗിക്കുന്ന വഖഫ് സ്വത്തുക്കളെ ഡിനോട്ടിഫൈ ചെയ്യില്ല എന്നതുൾപ്പെടെ ഉറപ്പുകൾ കോടതി രേഖപ്പെടുത്തി. ഉറപ്പുകൾ നൽകിയതിലൂടെ,​ നിയമം അപ്പാടെ സ്റ്റേ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത.

വിശദ മറുപടിക്ക് സമയം നൽകണമെന്ന സോളിസിറ്റർ ജനറലിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി.സഞ്ജയ്‌കുമാർ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. അതിനുശേഷം 5 ദിവസത്തിനകം കക്ഷികൾ കേന്ദ്രനിലപാടിനോടുള്ള മറുപടി ഫയൽ ചെയ്യണം. മേയ് 5ന് ഉച്ചയ്‌ക്ക് രണ്ടിന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവിടുന്നതിലാകും വാദം.

അഞ്ച് ഹർജികളിൽ മാത്രമായി വാദം ചുരുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കക്ഷികളുടെ പേര് പരാമർശിക്കില്ല. പകരം വഖഫ് ഭേദഗതി നിയമക്കേസ് എന്നറിയപ്പെടും. കേന്ദ്ര- സംസ്ഥാന വാദം പ്രത്യേകം കേൾക്കും.വാദമുഖങ്ങൾ ക്രോഡീകരിക്കാൻ നോഡൽ കൗൺസൽമാരെ നിയോഗിക്കും. അഡ്വ. കനു അഗർവാളിനെ കേന്ദ്രത്തിന്റെ നോഡൽ കൗൺസലായി നിയമിച്ചു. ഇന്നലത്തെ വാദം തത്സമയ സംപ്രേഷണം നടത്തണമെന്ന ബാ‌ർ അസോസിയേഷന്റെ ആവശ്യം പരിഗണിച്ചില്ല.

ഡിനോട്ടിഫൈ ചെയ്യില്ല

1. ദീർഘകാലമായി ഉപയോഗിക്കുന്ന വഖഫ് സ്വത്തുക്കളെ (രജിസ്റ്റർ ചെയ്‌തവയും വിജ്ഞാപനം ചെയ്‌തവയും ഉൾപ്പെടെ)​ ഡിനോട്ടിഫൈ ചെയ്യില്ലെന്ന് കേന്ദ്രം

2. വഖഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും മുസ്ലിം ഇതര വ്യക്തികളെ നിയമിക്കില്ല. നിയമനവുമായി ബന്ധപ്പെട്ട 9, 14 വകുപ്പുകൾ നടപ്പാക്കില്ല

3. ഏതെങ്കിലും സംസ്ഥാനം അത്തരത്തിൽ നിയമനം നടത്തിയാൽ അസാധുവായി കണക്കാക്കും

സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം

 ഗ്രാമങ്ങളും സ്വകാര്യ സ്വത്തുക്കളും വഖഫായി മാറ്രിയിട്ടുണ്ട്

 ചില വകുപ്പുകൾ മാത്രം പരിശോധിച്ച് സ്റ്റേ ഉത്തരവിടരുത്

 ലക്ഷക്കണക്കിന് നിവേദനങ്ങൾ കണക്കിലെടുത്താണ് ഭേദഗതി

 സ്റ്റേ ചെയ്‌താൽ ഒട്ടേറെ നിരപരാധികളെ ബാധിക്കും

പോരായ്മ തീർക്കണമെന്ന് കോടതി

 സാധാരണനിലയിൽ വ്യവസ്ഥകൾ സ്റ്റേ ചെയ്യാറില്ല. പ്രത്യേക സാഹചര്യമാണിത്

 നിയമത്തിലെ പോരായ്‌മകളാണ് ചൂണ്ടിക്കാട്ടുന്നത്. പോസിറ്റീവ് കാര്യങ്ങളുമുണ്ട്

 കക്ഷികളുടെ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ മാറ്റങ്ങൾ പാടില്ല

 5 വർഷം ഇസ്ലാംമതം ആചരിച്ചവർക്കേ വഖഫിന് കഴിയൂ തുടങ്ങിയ വ്യവസ്ഥകളിൽ ഇടപെടില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360