
ശ്രീനഗർ: ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുമരണം. റമ്പാൻ ജില്ലയിലെ ബഗ്ന ഗ്രാമത്തിൽ വീട് തകർന്നാണ് മൂന്നുപേരും മരിച്ചത്. ഒരാളെ കാണാതായി. പത്തോളം വീടുകൾ പൂർണമായും 30ഓളം വീടുകൾ ഭാഗികമായും തകർന്നു. നിരവധി വാഹനങ്ങളും നശിച്ചു. ശ്രീനഗർ- ജമ്മു ദേശീയപാത അടച്ചിട്ടു. കൂടുതൽ നാശനഷ്ടവും റമ്പാൻ ജില്ലയിലാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നൂറിലേറെ പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. കനത്ത മഴ തുടരുകയാണ്.
ചെനാബ് നദി കരകവിഞ്ഞതിനെത്തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ട്രക്കുകളുൾപ്പെടെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട്. ദേശീയപാതയിൽ പാറകളും ചെളിയും അവശിഷ്ടങ്ങളും മൂടി. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണ്. മേഖലയിലേക്കുള്ള യാത്രകൾ താത്കാലികമായി നിറുത്തി വയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത ആലിപ്പഴ വീഴ്ചയുമുണ്ടായി. മേഖലയിലെ കെട്ടിടങ്ങൾക്ക് സാരമായ നാശമുണ്ടായി. കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
ദുഃഖം രേഖപ്പെടുത്തി ഒമർ അബ്ദുള്ള
റമ്പാൻ ദുരന്തത്തിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും പ്രാദേശിക അധികാരികളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സാഹചര്യം ചോദിച്ചറിഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |