SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

തിര.കമ്മിഷന്റെ നിയന്ത്രണത്തിലേക്ക്, ബംഗാളിൽ ഡി.ഐ.ജിമാരും മജിസ്ട്രേട്ടുമാരും പുറത്ത്

f

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ അക്രമങ്ങൾ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കളത്തിൽ. അഞ്ച് റേഞ്ച് ഡി.ഐ.ജിമാരെയും 13 ജില്ലാ മജിസ്ട്രേട്ടുമാരെയും മാറ്റാൻ ഇന്നലെ ഉത്തരവിട്ടു. അവിടെ പുതിയ ഉദ്യോഗസ്ഥരുടെ പേര് നിർദ്ദേശിച്ചു. ഇന്ന് വൈകിട്ട് മൂന്നിനുമുമ്പ് ഉദ്യോഗസ്ഥർ സ്ഥാനമേറ്റെടുത്തുയെന്ന് ബംഗാൾ ചീഫ് സെക്രട്ടറി ഉറപ്പാക്കണം. തിരഞ്ഞെടുപ്പിനുമുമ്പും ശേഷവും അതിക്രമങ്ങൾ പതിവായി നടക്കുന്ന മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മാറ്റമെന്നത് ശ്രദ്ധേയമാണ്. റായ്ഗഞ്ച് റേഞ്ച് ഡി.ഐ.ജിയായി റാത്തോഡ് അമിത് കുമാർ ഭരത്, ജൽപായ്ഗുരി റേഞ്ചിൽ അഞ്ജലി സിംഗ്, മുർഷിദാബാദ് റേഞ്ചിൽ അജീത് സിംഗ് യാദവ്, സൗത്ത് 24 പർഗനാസ്, നോർത്ത് 24 പർഗനാസ്, ഹൗറ എന്നിവയുൾപ്പെടുന്ന പ്രസിഡൻസി റേഞ്ചിൽ കങ്കർ പ്രസാദ് ബുരായ്, ബുർധ്വാൻ റേഞ്ചിൽ ശ്രീഹരി പാണ്ഡെ എന്നിവരെ നിയമിക്കാനാണ് നിർദ്ദേശം. ഈ മേഖലകൾ തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറായിരുന്ന അൻഷുൽ ഗുപ്‌തയെ മാറ്റി സ്‌മിത പാണ്ഡെയെ നിയമിക്കാൻ നിർദ്ദേശിച്ചു. 11 ജില്ലാ മജിസ്ട്രേട്ടുമാരെയും നിയമിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കടുത്ത എതിർപ്പിനിടെയാണ് നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുപോകുന്നത്. ഇതുകൊണ്ടാെന്നും തങ്ങളെ പരാജയപ്പെടുത്താനാകില്ലെന്ന് മമത പ്രതികരിച്ചു. 294ൽ 226 സീറ്റു നേടി അധികാരം നി‌ലനിറുത്തുമെന്നും കൂട്ടിച്ചേർത്തു. ഏപ്രിൽ 23നും 29നും രണ്ടുഘട്ടമായാണ് ബംഗാളിലെ വോട്ടെടുപ്പ്. ഫലം മേയ് നാലിന്.

അഞ്ചാമത്തെ ഉത്തരവ്

ഞായറാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം, ബംഗാളിലെ ഉദ്യോഗസ്ഥതലത്തിൽ മാറ്റം നിർദ്ദേശിച്ചുള്ള അഞ്ചാമത്തെ ഉത്തരവാണ് കമ്മിഷൻ ഇന്നലെ പുറത്തിറക്കിയത്. തിങ്കളാഴ്ച ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെ മാറ്റി ദുഷ്യന്ത് നരിയാലയെ നിയമിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കൊൽക്കത്തെ പൊലീസ് കമ്മിഷണർ എന്നിവരെയും മാറ്റി. ചൊവ്വാഴ്ച 19 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. പദവികളിൽ നിന്ന് മാറ്റിനിറുത്തിയവർക്ക് ഒരുകാരണവശാലും തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകരുതെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360