SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

 യോഗത്തിൽ പോര് മുറുകി തൃണമൂലിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'കടക്കു പുറത്ത്'

s

ന്യൂഡൽഹി: തീവ്ര വോട്ടർ പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിലെത്തിയ തങ്ങളെ ആവലാതി കേൾക്കാതെ ഗ്യാനേഷ് കുമാർ പുറത്താക്കിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ആരോപണം തള്ളിയ കമ്മിഷൻ,​ ബംഗാളിൽ ബൂത്ത് പിടിത്തവും കള്ളവോട്ടും നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.

ഇന്നലെ നടന്നത്:

ഡെറിക് ഒബ്രിയൻ എം.പിയുടെ നേതൃത്വത്തിൽ മേനക ഗുരുസ്വാമി, സാഗരിക ഘോഷ്, സാകേത് ഗോഖലെ എന്നിവരടങ്ങിയ തൃണമൂൽ പ്രതിനിധി സംഘവുമായി ഡൽഹിയിലെ കമ്മിഷൻ ആസ്ഥാനത്ത് രാവിലെ പത്തിന് യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും എത്തി 10.02 ന് യോഗം തുടങ്ങി.

മമതാ ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അയച്ച ഒമ്പത് കത്തുകൾക്ക് എന്തുകൊണ്ട് മറുപടി നൽകിയില്ലെന്ന് ഡെറിക്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ബി.ജെ.പി പ്രവർത്തകർക്കൊപ്പം നടക്കുന്ന ഫോട്ടോയും കാണിച്ചു. പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറുടെ പെരുമാറ്റം ശരിയല്ലെന്ന് പരാതി.

ഇതിനിടെ മറുപടി പറയാൻ ശ്രമിച്ച ഗ്യാനേഷ് കുമാറിനെ അവഗണിച്ച് ഡെറിക് സംസാരം തുടരുന്നു. ആദ്യം ക്ഷമിച്ച ഗ്യാനേഷ് 10.08ന് പ്രതികരിക്കാൻ തുടങ്ങി. രണ്ട് കമ്മിഷണർമാർക്കും മറുപടി യില്ലേയെന്ന് ഡെറിക്. ഉച്ചത്തിലുള്ള തൃണമൂൽ അംഗങ്ങളുടെ സംസാരം അനുചിതമെന്ന് ഗ്യാനേഷ് കുമാറിന്റെ മുന്നറിയിപ്പ്. മാന്യത പാലിക്കണമെന്ന അഭ്യർത്ഥന തള്ളി തൃണമൂൽ നേതാക്കൾ സംസാരം തുടർന്നു. ഗ്യാനഷ് പറയുന്നത് കേൾക്കാനല്ല വന്നതെന്ന് ഡെറിക്. അതിന് താത്പര്യമില്ലെങ്കിൽ പുറത്തു പോകാമെന്ന് ഗ്യാനേഷ്. പ്രതിഷേധിച്ച് കൊണ്ട് നേതാക്കൾ പുറത്തേക്കിറങ്ങിയത് 10.11ന്. 'പാർലമെന്റിന്റെ ഇരു സഭകളിലും ഇംപീച്ച്മെന്റ് നോട്ടീസ് ലഭിച്ച ഒരേയൊരു കമ്മിഷണറാണ്' എന്ന പരിഹാസ കമ്മന്റ് നടത്തിയാണ് തൃണമൂൽ സംഘം ഇറങ്ങിയത്.

ഡെറിക് ഒബ്രയേൻ ഉന്നയിച്ച എല്ലാ കാര്യങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രേഖപ്പെടുത്തിയെന്നും അവയ്‌ക്ക് മറുപടി നൽകാൻ അവസരം ലഭിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.

 'ഭയരഹിതമായ പോളിംഗ്'

പബംഗാൾ തിരഞ്ഞെടുപ്പ് ഭയരഹിതവും അക്രമരഹിതവും, ഭീഷണിരഹിതവുമായ" രീതിയിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് അറിയിച്ചു. എന്നാൽ ഇത് സാദ്ധ്യമാകാൻ തിരഞ്ഞെടുപ്പുകൾ 'ഡൽഹി'യുടെ നിയന്ത്രണത്തിൽ നിന്ന് വിമുക്തമാകണമെന്ന് മമത പ്രതികരിച്ചു. ഡൽഹിയിലെ സംഭവം കമ്മിഷൻ ബി.ജെ.പിക്ക് കീഴിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണെന്ന് ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360