SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

മഹാത്മാ ജ്യോതിറാവു ഫുലെ ജന്മവാർഷികം ഇന്ന് പ്രഭ മങ്ങാത്ത മാർഗദീപം

phule-

രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യപരിഷ്‌കർത്താക്കളിൽ ഒരാളും,​ തലമുറകളുടെ മാർഗദർശിയുമായ മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജന്മവാർഷികദിനമാണ് ഇന്ന്. ഈ വർഷം അദ്ദേഹത്തിന്റെ ഇരുന്നൂറാം ജന്മവാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനാൽ ഈ വേളയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. മഹാനായ പരിഷ്‌കർത്താവ് എന്നതിലുപരി,​ ധാർമ്മികമായ കരുത്തും വിശ്രമമില്ലാത്ത അന്വേഷണത്വരയും സമൂഹനന്മയ്ക്കായുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും നിറഞ്ഞതായിരുന്നു ആ ജീവിതം.

1827-ൽ മഹാരാഷ്ട്രയിൽ ജനിച്ച ഫുലെ,​ എളിയ സാഹചര്യങ്ങളിലാണ് വളർന്നത്. എന്നാൽ,​ ആ കഷ്ടപ്പാടുകൾ പഠനത്തിനോ ദൃഢനിശ്ചയത്തിനോ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയ്‌ക്കോ ഒരിക്കലും തടസമായില്ല. സ്‌കൂൾ പഠനകാലം മുതൽ അതീവ ജിജ്ഞാസുവായിരുന്ന ജ്യോതിറാവു, വായനാശീലമുള്ള ചെറുപ്പക്കാരനായിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: 'നാം എത്രത്തോളം ചോദ്യങ്ങൾ ഉന്നയിക്കുന്നുവോ, അത്രത്തോളം അറിവ് അവയിൽ നിന്ന് പുറത്തുവരും!" കുട്ടിക്കാലത്തേ ലഭിച്ച ആ അന്വേഷണത്വര അദ്ദേഹത്തിന്റെ യാത്രയിലുടനീളം നിലനിന്നു.

ജീവിതത്തിലുടനീളം, പഠനവും വിദ്യാഭ്യാസവും മഹാത്മാ ഫുലെയുടെ ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അറിവ് എന്നത് കാത്തുസൂക്ഷിക്കപ്പെടേണ്ട പ്രത്യേക അവകാശമല്ല; മറിച്ച്, പങ്കുവയ്ക്കപ്പെടേണ്ട ശക്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പഠനത്തിന്റെ സന്തോഷം പലർക്കും നിഷേധിക്കപ്പെട്ട കാലഘട്ടത്തിൽ പെൺകുട്ടികൾക്കും ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കുമായി അദ്ദേഹം ആദ്യകാല വിദ്യാലയങ്ങൾ തുറന്നു. ക്ലാസ് മുറികൾ നീതിയുടെയും തുല്യതയുടെയും ഉപകരണമായി മാറുന്ന പുതിയ സാമൂഹ്യസങ്കല്പം കെട്ടിപ്പടുക്കാൻ അദ്ദേഹം പ്രവർത്തിച്ചു.

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മെ ഏറെ പ്രചോദിപ്പിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഗവേഷണത്തെയും നവീകരണത്തെയും ഇന്ത്യയിലെ യുവാക്കളുടെ അടിത്തറയാക്കി മാറ്റുവാൻ നമ്മൾ പ്രയത്നിച്ചു. ചോദ്യങ്ങൾ ചോദിക്കാനും പര്യവേക്ഷണങ്ങൾ നടത്താനും പുതിയ കാര്യങ്ങൾ കണ്ടെത്താനും യുവമനസുകളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അറിവിലും നൈപുണ്യത്തിലും അവസരങ്ങളിലും നിക്ഷേപം നടത്തുന്നതിലൂടെ, പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തിന്റെ പുരോഗതിയെ നയിക്കാനും ഇന്ത്യ,​ യുവാക്കളെ ശാക്തീകരിക്കുന്നു.

തന്റെ അറിവും വിവേകവും കാരണം കൃഷി, ആരോഗ്യം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ മഹാത്മാ ഫുലെ കരുത്തുറ്റ ധാരണ വളർത്തിയെടുത്തു. കർഷകർക്കും തൊഴിലാളികൾക്കും നേർക്കുള്ള അനീതി സമൂഹത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറയുമായിരുന്നു. കൃഷിയിടങ്ങളിലായാലും ഗ്രാമങ്ങളിലായാലും സാമൂഹ്യ അസമത്വങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രകടമാകുന്നുവെന്ന് അദ്ദേഹം കണ്ടു. അതിനാൽ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അന്തസ് ഉറപ്പാക്കുന്നതിൽ അദ്ദേഹം മുഴുകി.

മഹാത്മാ ഫുലെ സ്ഥാപിച്ച 'സത്യശോധക് സമാജ്" ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു. സാമൂഹ്യപരിഷ്‌കരണം, സാമൂഹ്യസേവനം, മാനവിക അന്തസ് ഉയർത്തിപ്പിടിക്കൽ എന്നിവയിൽ ഈ പ്രസ്ഥാനം മുൻപന്തിയിലായിരുന്നു. സ്ത്രീകൾക്കും യുവാക്കൾക്കും ഗ്രാമങ്ങളിൽ വസിക്കുന്നവർക്കും വേണ്ടിയുള്ള കരുത്തുറ്റ ശബ്ദമായി ഇതു മാറി. നീതിയും ഒരോ വ്യക്തിയോടുമുള്ള ബഹുമാനവും കൂട്ടായ പുരോഗതിയും കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിലൂടെ സമൂഹത്തെ കരുത്തുറ്റതാക്കാം എന്ന മഹാത്മാ ഫുലെയുടെ വിശ്വാസത്തെയാണ് ഈ പ്രസ്ഥാനം പ്രതിഫലിപ്പിച്ചത്.

അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കരുത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. എപ്പോഴും ജോലി ചെയ്യുന്നതും ജനങ്ങൾക്കിടയിൽ ആയിരിക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. പക്ഷാഘാതം സംഭവിച്ച് തളർന്നിട്ടും തന്റെ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹം പ്രവർത്തനം തുടർന്നു. ഇന്ന്,​ ദശലക്ഷക്കണക്കിനു പേർക്ക്; വിശേഷിച്ച് പോരാട്ടങ്ങളിൽ നിന്ന് കരുത്തുൾക്കൊള്ളുന്നവർക്ക്, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ വശങ്ങളിൽ ഒന്നായി ഇതു നിലകൊള്ളുന്നു.

നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച പരിഷ്‌കർത്താക്കളിൽ ഒരാളായ സാവിത്രിബായി ഫുലെയെ ആദരവോടെ പരാമർശിക്കാതെ മഹാത്മാ ഫുലെയെക്കുറിച്ചുള്ള സ്മരണ പൂർണമാകില്ല. ഇന്ത്യയിലെ ആദ്യകാല അധ്യാപികമാരിൽ ഒരാളെന്ന നിലയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു. അതുവഴി പെൺകുട്ടികൾക്ക് തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാനുള്ള അവസരം അവർ നൽകി. മഹാത്മാ ഫുലെയുടെ വിയോഗത്തിനു ശേഷം സാവിത്രിബായി ആ ദൗത്യമേറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയി. 1897-ൽ പ്ലേഗ് പടർന്ന സമയത്ത്, രോഗബാധിതരെ അർപ്പണബോധത്തോടെ സേവിച്ചതിനാൽ അവർക്ക് രോഗം പിടിപെടുകയും ജീവൻ നഷ്ടമാവുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ ഫുലെയ്ക്കു നൽകാവുന്ന ഏറ്റവും ഉചിതമായ ആദരം പുനരർപ്പണമാണ്. അദ്ദേഹത്തിന്റെ ഹൃദയത്തോടു ചേർന്നുള്ള,​ വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളോടുള്ള പ്രതിജ്ഞാബദ്ധത പുതുക്കുക. അനീതിക്കെതിരെ സംവേദനക്ഷമത പുതുക്കുക. സമൂഹത്തിനുള്ളിൽ നിന്നുതന്നെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസം പുതുക്കുക. ധാർമ്മികമായ വ്യക്തതയും പൊതുലക്ഷ്യവും ഒത്തുചേരുമ്പോൾ സമൂഹത്തിന്റെ കരുത്തിന് ഇന്ത്യയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മോടു പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360