SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.11 AM IST

ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ ഞെട്ടും: അമിത് ഷായോട് പ്രിയങ്ക

d

ന്യൂ‌ഡൽഹി: 'ചാണക്യൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ താങ്കളുടെ കൗശലം കണ്ട് ഞെട്ടിപോകുമായിരുന്നു"- വനിതാ സംവരണ ബില്ലിന്റെ ചർച്ചയ്‌ക്കിടെ വയനാട് എം.പി പ്രിയങ്കാ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പറഞ്ഞു. പിന്നാലെ അമിത് ഷായും ഭരണപക്ഷ എം.പിമാരും പൊട്ടിച്ചിരിച്ചു. ഭരണപക്ഷ,​ പ്രതിപക്ഷ വാക്പോരിനിടെയുണ്ടായ പരാമർശം, നിമിഷ നേരത്തേക്കാണെങ്കിലും പിരിമുറുക്കം കുറച്ചു. വനിതാ സംവരണത്തെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് പ്രിയങ്ക പറഞ്ഞു. മോത്തിലാൽ നെഹ്റുവാണ് ഈ ആവശ്യം ആദ്യമുയ‌ർത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം കൊണ്ടുവന്നത് തന്റെ പിതാവ് രാജീവ് ഗാന്ധിയാണ്. 2003ൽ മോദി സർക്കാർ ബിൽ കൊണ്ടുവന്നപ്പോൾ അതു പാസാക്കാൻ തങ്ങൾ കൂടെനിന്നു. എന്നാൽ ഇപ്പോഴത്തെ ഭേദഗതി ബില്ലിൽ രാഷ്ട്രീയമാണ് മണക്കുന്നത്. അതിനാലാണ് എതിർക്കുന്നത്. ബിൽ പാസായാൽ രാജ്യത്തെ ജനാധിപത്യം അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് ബി.ജെ.പിയുടെ നീക്കങ്ങളെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഭരണഘടനാ ഭേദഗതി ജനാധിപത്യവിരുദ്ധവും ഫെഡറിലസത്തിന് നേരെയുള്ള കടന്നുകയറ്റവുമെന്ന് സി.പി.എം എം.പി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

പ്രതിപക്ഷം പറയുന്നത്

2029ലെ ഭരണത്തുട‌‌ർച്ച ഉറപ്പാക്കാനുള്ള നീക്കം

നിലവിലെ സെൻസസ് പ്രക്രിയയെ അട്ടിമറിക്കാൻ

ഒ.ബി.സി,​ മുസ്ലിം വനിതകൾക്ക് ക്വാട്ടയില്ലെങ്കിൽ പിന്തുണയ്‌ക്കില്ലെന്ന് സമാജ്‌വാദി പാർട്ടി

വനിതാ സംവരണം നിലവിലെ 543 സീറ്റുകളിൽ നടപ്പാക്കണം

 സെൻസസ് പൂ‌ർത്തിയാക്കിയ ശേഷം മതി മണ്ഡല പുനർനിർണയം

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകും

എല്ലാവരെയും ചേർത്തുപിടിക്കും: മോദി

പ്രധാനമന്ത്രി ഒ.ബി.സി വിഭാഗത്തിൽ നിന്നായിട്ടും. ആ വിഭാഗത്തിന്റെ താത്പര്യങ്ങൾ മോദി സംരക്ഷിക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി എം.പിയായ ധ‌ർമ്മേന്ദ്ര യാദവ് പറഞ്ഞു. എല്ലാവരെയും ചേർത്തുപിടിച്ചു പോകുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്ന് മോദി മറുപടി നൽകി. അതു തന്റെ ഉത്തരവാദിത്തമാണ്. പിന്നോക്ക വിഭാഗത്തിലെ അംഗമായ തനിക്ക് ഈ പദവിയിലെത്താൻ സാധിച്ചത് ഭരണഘടനയുടെ ശക്തിയാണെന്നും കൂട്ടിച്ചേർത്തു. അഭിമാനത്തോടെയും രോമാഞ്ചത്തോടെയുമാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി അ‌ർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ഇന്നലെ സഭാ ഗ്യാലറിയിൽ സന്ദ‌ർശകരായി ഏറെയും വനിതകളെത്തിയത് ശ്രദ്ധേയമായി.

ബില്ലിലെ നിർദ്ദേശങ്ങൾ

 ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കും

സംസ്ഥാനങ്ങൾക്ക് 815 സീറ്റുകൾ

കേന്ദ്രഭരണപ്രദേശങ്ങൾക്ക് 35

 വനിതകൾക്കായി 273 സീറ്റുകൾ നീക്കിവയ്‌ക്കും

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകൾക്ക് ക്വാട്ട

മണ്ഡല പുനർനിർണയ കമ്മിഷൻ രൂപീകരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360