SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

'ഞങ്ങളും ഇന്ത്യക്കാർ, നേപ്പാളി സംസാരിക്കുന്നത് കുറ്റമോ'

gorkhaland

കൊൽക്കത്ത: 'നോക്കൂ ഞങ്ങളുടെ ശരീരത്തിലും ഇന്ത്യൻ രക്തമാണ്. നേപ്പാളി ഭാഷ സംസാരിക്കുന്നതിന്റെ പേരിൽ നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ കൂടിയാണ് ഈ പ്രക്ഷോഭം". പച്ചക്കൊടിയിൽ സ്വർണ നിറത്തിൽ നേപ്പാളി കഠാരയും നക്ഷത്രങ്ങളും അടങ്ങിയ ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ട്(ജി.എൻ.എൽ.എഫ്)പതാകയേന്തി സന്തോഷ് സുബ്ബ പറഞ്ഞു.

സിലിഗുരിക്ക് സമീപം കുർസിയോംഗിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ റാലിയിൽ പങ്കെടുക്കുന്നതിനിടെ 'ഗൂർഖലാൻഡ്" പ്രക്ഷോഭം തങ്ങളുടെ സ്വത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സന്തോഷ് ചൂണ്ടിക്കാട്ടി.

മലയാളം സംസാരിക്കുന്നവർക്ക് കേരളമെന്ന സംസ്ഥാനമില്ലേ. അതുപോലെ ഞങ്ങൾക്കും വേണം പ്രത്യേക ഇടം. പശ്ചിമബംഗാളിന്റെ ഭാഗമായതോടെ അംഗീകാരമില്ലാത്തത് പോകട്ടെ,ഭാഷ സംസാരിക്കുന്നതിന്റെ പേരിൽ അപമാനവും നേരിടേണ്ടി വരുന്നു.ഗൂർഖാലാൻഡ് സ്ഥാപിച്ചാൽ നേട്ടം രാജ്യത്തിനാകെയാണ്. നേപ്പാൾ,ഭൂട്ടാൻ, ബംഗ്ളാദേശ് രാജ്യങ്ങളുടെ സാമീപ്യം മൂലം സുരക്ഷാപ്രശ്‌നങ്ങളുള്ള സിലിഗുരിയിലെ ചിക്കൻ നെക്ക് മേഖലയെയും സംരക്ഷിക്കേണ്ടതുണ്ട്.

1980 മുതൽ കത്തുന്ന വിഷയം

പശ്ചിമബംഗാളിലെ കുന്നിൻപ്രദേശങ്ങളായ ഡാർജിലിംഗ്,കലിപോംഗ് ജില്ലകളും ജയ്‌പാൽഗുഡി, കുച്ച് ബെഹാറിലെ അലിപ്പൂർ ദ്വാർ എന്നിവ ചേർത്ത് 'ഗൂർഖലാൻഡ്" സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം 1980കളിൽ തന്നെ ഉയർന്നിരുന്നു. പ്രക്ഷോഭം പലപ്പോഴും അക്രസമാസക്തമായപ്പോൾ പ്രധാന സംഘടനകളായ സുഭാഷ് ഘിസിംഗിന്റെ നേതൃത്വത്തിലുള്ള ജി.എൻ.എൽ.എഫും ബിമൽ ഗുരുംഗിന്റെ ഗൂർഖാ ജനമുക്തി മോർച്ചയും(ജി.ജെ.എം), ഗൂർഖ മേഖലകൾക്ക് സ്വയംഭരണം ലക്ഷ്യമിട്ട് ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്‌മിനിസ്ട്രേഷനും 2012ൽ നിലവിൽ വന്നു. ഗൂർഖാലാൻഡ് അനുവദിച്ചാൽ വടക്കു കിഴക്കൻ മേഖലയിൽ പലയിടത്തും സമാന ആവശ്യം ഉയരുമെന്നതിനാൽ കേന്ദ്രത്തിന് തീരുമാനമെടുക്കൽ എളുപ്പമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360