SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

താമരപ്പൊയ്കയിൽ മുങ്ങിത്താണ് മമത, തമിഴകത്ത് 'വിജയ' സുനാമി, പുതുച്ചേരി,​അസാം ഭരണത്തുടർച്ച

s

ന്യൂഡൽഹി: വിത്തുപാകി,​ വളർത്തി,​ പരിപാലിച്ച് ഒടുവിൽ ബംഗാളിൽ ബി.ജെ.പി താമരപ്പൊയ്ക നിർമ്മിച്ചു. ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റിയ മുഖ്യമന്ത്രി മമതാ ബാനർജി അതിൽ മുങ്ങിത്താണു. 15 വർഷത്തെ ഭരണത്തിനുശേഷം അതിദയനീയമായ പരാജയം.

സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂരിൽ ബി.ജെ.പിയെ നയിച്ച സുവേന്ദു അധികാരിയിൽ നിന്ന് 15,000ൽ പരം വോട്ടുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. ഭവാനിപ്പൂരിന് പുറമെ സിറ്റിംഗ് സീറ്റായ നന്ദിഗ്രാമിലും സുവേന്ദു ജയിച്ചു.

ഭവാനിപ്പൂരിൽ രാജിവച്ചാൽ മമതയ്‌ക്ക് വീണ്ടും മത്സരിക്കാൻ അവസരമൊരുങ്ങും. 200ലധികം സീറ്റുമായി ആധികാരിക വിജയം നേടിയാണ് ബി.ജെ.പി ബംഗാളിൽ അധികാരത്തിലേറുന്നത്. തൃണമൂൽ സർക്കാർ 81 സീറ്റിലൊതുങ്ങി. 2021ൽ സംപ്യൂജ്യരായിരുന്ന കോൺഗ്രസ് രണ്ടു സീറ്റും സി.പി.എം ഒരു സീറ്റും നേടി. ഹുമയൂൺ കബീറിന്റെ എ.ജെ.യു.പി രണ്ടുസീറ്റുകൾ നേടി. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് ഒരു സീറ്റ് നിലനിറുത്തി.

തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയെ തകർത്തെറിഞ്ഞ് നടൻ വിജയ്‌യുടെ തേരോട്ടമാണ് കണ്ടത്. ജെൻസി വോട്ടുകളുടെ കരുത്തിൽ 106 സീറ്റു നേടിയ ടി.വി.കെയ്‌ക്ക് കേവല ഭൂരിപക്ഷത്തിനുള്ള 118ലെത്താൻ കോൺഗ്രസ്, അണ്ണാ ‌ഡി.എം.കെ തുടങ്ങി ആരെങ്കിലുമായി കൂട്ടുകൂടണം. വിജയ് പേരമ്പൂരിലും തിരുച്ചിറപള്ളി ഈസ്റ്റിലും ജയിച്ചു. ഡി.എം.കെ നേതൃത്വ മതേതര പുരോഗമന സഖ്യം 74 സീറ്റുകളിലൊതുങ്ങി. ഡി.എം.കെയുടെ സമ്പാദ്യം 60. കോൺഗ്രസ് അഞ്ചിലൊതുങ്ങി. സി.പി.ഐ, സി.പി.എം രണ്ടു വീതവും ഡി.എം.ഡി.കെ ഒരു സീറ്റിലും എൻ.ഡി.എയിൽ അണ്ണാ ഡി.എം.കെ 47 സീറ്റു നേടി. ബി.ജെ.പിക്ക് ഒരിടത്താണ് ലീഡ്. പി.എം.കെയ്ക്ക് 5 സീറ്റുകൾ.

126 അംഗ അസാം നിയമസഭയിൽ 100ലേറെ സീറ്റുമായാണ് എൻ.ഡി.എ അധികാരത്തുടർച്ച ഉറപ്പാക്കിയത്. ബി.ജെ.പി 82 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ 89,434 വോട്ടുകൾക്ക് ജയിച്ചു. സഖ്യകക്ഷികളായ എ.ജി.പിയും ബി.ഒ.പി.എഫും 10 വീതം നേടി. ഭരണത്തിൽ തിരിച്ചെത്താൻ ശ്രമിച്ച കോൺഗ്രസ് 19ൽ ഒതുങ്ങി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ 23,000ൽ പരം വോട്ടുകൾക്ക് തോറ്റു.

പുതുച്ചേരിയിലും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്ക് ഭരണത്തുടർച്ച ലഭിച്ചു. 30 സീറ്റ്. എൻ.ഡി.എയ്ക്ക് 18 സീറ്റുകൾ ലഭിച്ചതോടെ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന്റെ പ്രസിഡന്റ് എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി തുടരും. എൻ.ആർ.കോൺഗ്രസ് 12ഉം ബി.ജെ.പി നാലും നേടി. അണ്ണാ ഡി.എം.കെയും എൽ.ജെ.കെയും ഓരോ സീറ്റുകളിലും വിജയിച്ചു. ഇന്ത്യ മുന്നണിയിൽ ഡി.എം.കെ അഞ്ചും കോൺഗ്രസ് രണ്ടിടത്തും ജയിച്ചു. വിജയുടെ ടി.വി.കെയ്‌ക്ക് രണ്ടു സീറ്റ്. എൻ.വൈ.എം.കെ ഒരിടത്തും മൂന്ന് സ്വതന്ത്രരും ജയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360