SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

തന്ത്രങ്ങൾ മെനയുന്ന കീർത്തന മന്ത്രിയായി

keerthana

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) മന്ത്രിസഭയിലെ ഏക വനിതയും പ്രായം കുറഞ്ഞ അംഗവുമായ എസ്. കീ‌ർത്തന ഇന്നലെ സത്യപ്രതിജ്ഞാ വേദിയിൽ ശ്രദ്ധാകേന്ദ്രമായി.

വിജയ് യുടെ ആരാധിക കൂടിയായ 29 വയസ്സുകാരി ശിവകാശിയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. എം.കെ. സ്റ്റാലിൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് വേണ്ടി മുൻപ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ കീർത്തന പങ്കാളിയായിരുന്നു. പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനങ്ങളായ ഐപാക്, ഷോ ടൈം കൺസൾട്ടിങ് എന്നിവയിൽ പ്രവർത്തിച്ചപ്പോഴാണ് ഇതിന് അവസരം കിട്ടിയത്. ഭരണസംവിധാനത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഈ കാലയളവിലാണ് കീർത്തന നേടിയെടുത്തത്. തമിഴ്, ഇംഗ്ലിഷ്, ഹിന്ദി, തെലുങ്ക് ഉൾപ്പെടെ അഞ്ച് ഭാഷകൾ അനായാസം സംസാരിക്കാനുള്ള കഴിവുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനും ഈ ഭാഷാ പ്രാവീണ്യം സഹായിച്ചുവെന്ന് കീർത്തന പറയുന്നു. വിജയ് പാർട്ടി രൂപീകരിച്ചതോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു.

വിരുദുനഗർ ജില്ലയിലെ തമിഴ് മീഡിയം സർക്കാർ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിരുദവും, 2019ൽ പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ശിവകാശി മണ്ഡലത്തിൽ ഏഴ് പതിറ്റാണ്ടുകളായി തുടരുന്ന പുരുഷാധിപത്യത്തിന് അന്ത്യം കുറിച്ചാണ് കീർത്തന നിയമസഭയിലെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി അശോകനെ 11,670 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

'രാഷ്ട്രീയ പാരമ്പര്യമോ പണമോ ഇല്ലാത്തവർക്കും ജനങ്ങളെ സേവിക്കാൻ താൽപര്യമുണ്ടെങ്കിൽ ടി.വി.കെയിൽ ഇടമുണ്ട്. ലോകത്തിന് മാതൃകയാകുന്ന രീതിയിൽ ഞങ്ങൾ ഭരണം കാഴ്ചവെക്കും,' സത്യപ്രതിജ്ഞയ്ക്ക് ശേഷം കീർത്തന മാദ്ധ്യമങ്ങളോടു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360