ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിനു മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ അസാധാരണ സമരം സുരക്ഷ ഏജൻസികളെയും ഭരണനേതൃത്വത്തെയും മൂന്നര മണിക്കൂറോളം മുൾമുനയിലാക്കി. രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും എം.പിമാരും തന്ത്രപ്രധാന മേഖലയിൽ അണിനിരക്കുകയായിരുന്നു.
തിങ്കളാഴ്ച കോക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിനെതിരെയുണ്ടായ പൊലീസ് വേട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ആവശ്യപ്പെട്ടായിരുന്നു സമരം. ഗേറ്റ് നമ്പർ രണ്ടിനു മുന്നിൽ ധർണയിരുന്ന രാഹുലിനെയും മറ്റു നേതാക്കളെയും എം.പിമാരെയും കായികമായി നേരിട്ടാണ് ഡൽഹി പൊലീസ് നീക്കിയത്. രാഹുലിനെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അടക്കം വലിച്ചിഴച്ചു. രാഹുലിന്റെ സി.ആർ.പി.എഫ് സുരക്ഷാ വലയത്തെ തള്ളിമാറ്റിക്കൊണ്ടാണിത്. നേതാക്കൾ പ്രതിരോധം തീർത്തപ്പോൾ അവരോടെല്ലാം പൊലീസ് കൈയൂക്ക് കാട്ടി. നിലത്തുകിടന്ന രാഹുലിനെ തൂക്കിയെടുത്താണ് പൊലീസ് സംഘം വാഹനത്തിലേക്കു മാറ്റിയത്. മുഖത്ത് നിസാര പരിക്കേറ്റു.
പ്രിയങ്ക ഗാന്ധിയും പ്രതിരോധിച്ചെങ്കിലും പൊലീസ് പിന്മാറിയില്ല. പൊലീസ് കൊണ്ടുവന്ന ബസിലെ ഫൂട്ട്ബോഡിൽ തൂങ്ങിനിന്നപ്പോൾ വനിതാപൊലീസുകാർ കഴുത്തിനുപിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സ്വതന്ത്ര എം.പി പപ്പു യാദവ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്‌ഠൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ എന്നിവരെയും പൊലീസ് വെറുതെവിട്ടില്ല. രാത്രി 09.40ഓടെ രാഹുലിനെ ഛത്രസാൽ സ്റ്റേഡിയത്തിൽ നിന്നും പ്രിയങ്കയെ മന്ദിർ മാർഗ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ അറിയിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ ഇന്റലിജൻസ് വീഴ്ചകളിൽ ഒന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇന്നലെ രാവിലെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷ എം.പിമാർ ആലോചിച്ചെങ്കിലും ഒഴിവാക്കിയിരുന്നു.
മുഖ്യ മന്ത്രിമാർ ഫ്രീ
ഇന്നലെ രണ്ടു മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ ധർണയിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രി വി.ഡി.സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. ഇവരെ പൊലീസ് അറസ്റ്റു ചെയ്‌തില്ല. സമരത്തിനെത്തിയ മന്ത്രി പി.സി. വിഷ്‌ണുനാഥിനെ കസ്റ്റഡിയിലെടുത്തു. മോദി സർക്കാർ മുട്ടുമടക്കേണ്ടി വരുമെന്ന് പൊലീസ് വാഹനത്തിലിരുന്ന് വിഷ്‌ണുനാഥ്പറഞ്ഞു.
പിറന്നാളിന് ഒത്തുകൂടി, പിന്നാലെ നാടകം
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ 84ാം പിറന്നാളായിരുന്നു ഇന്നലെ. ഉച്ചയ്‌ക്ക് 3 മണിയോടെ രാഹുൽ അടക്കം നേതാക്കൾ ഖാർഗെയുടെ 10, രാജാജി മാർഗിലെ വസതിയിലെത്തി. കേന്ദ്രസർക്കാർ പാർലമെന്റിൽ ചർച്ചയ്‌ക്ക് തയ്യാറാകാത്ത സാഹചര്യം നേതാക്കൾ വിലയിരുത്തി. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ധർണ നടത്താനുള്ള അസാധാരണ തീരുമാനമെടുത്ത് അവിടേക്ക് കുതിക്കുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിൽ ഡൽഹി പൊലീസും സുരക്ഷാ ഏജൻസികളും അടക്കം അമ്പരന്നു. മാദ്ധ്യമപ്രവർത്തകരും മാറി ഒഴുകി. ഗതാഗതം മണിക്കൂറുകളോളം വിലക്കി. ബാൻഡുകൾ കൊണ്ട് കൈകൾ ബന്ധിച്ചാണ് പവൻ ഖേരയും ജയറാം രമേശും അടക്കം മുതിർന്ന നേതാക്കൾ റോഡിൽ കുത്തിയിരുന്നത്. 7 മണിയോടെ മുഴുവൻ പ്രതിഷേധക്കാരെയും അറസ്റ്റു ചെയ്‌തു നീക്കി.
സമവായം പാളി
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിപക്ഷ നേതാവ് ധർണയിരിക്കുന്നത്. അതിനാൽ അതിവേഗം കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് നീക്കങ്ങളുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി. രാഹുലുമായി സംസാരിച്ചു. എന്നാൽ സമവായമായില്ല. ചർച്ചകളിലൂടെ പരിഹാരമല്ല, സംഘർഷമാണ് രാഹുൽ ആഗ്രഹിക്കുന്നതെന്ന് പിന്നീട് ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. നീറ്റ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണെന്നും അറിയിച്ചിരുന്നു.
വസ്ത്രം വലിച്ചു കീറി: പ്രിയങ്ക
'പുരുഷ പൊലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. വസ്ത്രം വലിച്ചു കീറി. രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു".
- പ്രിയങ്കാ ഗാന്ധി എം.പി
Security agencies and the government remained on high alert for nearly three and a half hours as Opposition leader Rahul Gandhi led an unprecedented protest in front of Prime Minister Narendra Modi's official residence at 7, Lok Kalyan Marg in New Delhi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |