SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റം; വേലികെട്ടാൻ 600 ഏക്കർ, ബി.എ​സ്എ​ഫി​ന് ആറു തീരുമാനങ്ങളുമായി സുവേന്ദു സർക്കാർ

d

കൊൽക്കത്ത: നുഴഞ്ഞുകയറ്റം തടയുമെന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനം നടപ്പാക്കുന്നതിന് ബംഗ്ളാദേശ് അതിർത്തിയിൽ വേലികെട്ടാൻ ബി.എഫ്.എഫിന് ഭൂമി കൈമാറാൻ പശ്ചിമബംഗാളിലെ ബി.ജെ.പി സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇതുൾപ്പെടെ ആറ് തീരുമാനങ്ങളാണെടുത്തത്.

ബംഗ്ലാദേശ് അതിർത്തിയിൽ വേലികെട്ടാൻ 600 ഏക്കർ ഭൂമി ബി.എസ്.എഫിന് 45 ദിവസത്തിനുള്ളിൽ കൈമാറും. ഭൂമി ലഭിക്കാത്തതിനെ തുടർന്ന് വേലി നിർമ്മാണം തടസപ്പെട്ടിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ആരംഭിച്ച ലക്ഷ്മിർ ഭണ്ഡാർ പോലുള്ള ക്ഷേമ പദ്ധതികൾ തുടരുമെന്നും സുവേന്ദു വ്യക്തമാക്കി. എസ്.ഐ.ആർ നടപടികളുടെ മേൽനോട്ടത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷനായി നിയോഗിച്ച മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്‌തയെ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായി നിയമിച്ചു.

മനോജ് അഗർവാൾ ചീഫ് സെക്രട്ടറി

ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാളിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗവർണറുടെ ഉത്തരവ് പ്രകാരം, നിലവിൽ ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് (ഇലക്ഷൻ) വിഭാഗത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അഗർവാൾ.

ആയുഷ്മാൻ ഭാരത് നടപ്പാക്കും

1. മുൻ സർക്കാർ തടഞ്ഞ സെൻസസ് പുനഃരാരംഭിക്കും. സെൻസസ് വൈകിപ്പിച്ചത് വസ്തുതാന്വേഷണ സമിതി അന്വേഷിക്കും.

2. ആയുഷ്മാൻ ഭാരത് നടപ്പാക്കാൻ കേന്ദ്ര ആരോഗ്യവകുപ്പുമായി കരാർ ഒപ്പിടും.പി.എം ജൻ ആരോഗ്യ യോജ്‌ന, പി.എം കൃഷക് ബീമാ യോജന, പി.എം ശ്രീ, വിശ്വ കർമ്മ സ്‌കീം, ബേഠി ബച്ചാവോ ബേഠി പഠാവോ, ഉജ്ജല യോജന പദ്ധതികളും നടപ്പാക്കും.

3. ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്) നിയമം സംസ്ഥാനത്ത് പ്രാബല്യത്തിലാക്കും

4.ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിൽ പരിശീലനം തേടാം.

5. സർക്കാർ നിയമനം മുടങ്ങിയ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധി അഞ്ചുവർഷത്തെ ഇളവ്

ശോഭൻദേബ് പ്രതിപക്ഷനേതാവ്

തൃണമൂലിന്റെ മുതിർന്ന നേതാവും ബാലിഗഞ്ച് എം.എൽ.എയുമായ ശോഭൻ ദേബ് ചതോപാദ്ധ്യായ ബംഗാളിൽ പ്രതിപക്ഷ നേതാവാകും. 1991 മുതൽ ബംഗാൾ നിയമസഭയുടെ ഭാഗമായ ശോഭൻ കോൺഗ്രസ് കാലം മുതൽ മമത ബാനർജിയുടെ വിശ്വസ്‌തനാണ്. തൃണമൂൽ തൊഴിലാളി വിഭാഗമായ ഇന്ത്യൻ നാഷണൽ തൃണമൂൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിച്ചത് ശോഭനാണ്.

അതിനിടെ സുവേന്ദു അധികാരിയെ പുകഴ്ത്തിയ പാർട്ടി വക്താവ് റിജു ദത്തയെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. ഐപാക്കിനെ തിരഞ്ഞെടുപ്പ് പ്രചാരണം ഏല്പിച്ചതിന്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്നും, പിന്തുടർച്ചാവകാശി അല്ലാത്തത് കൊണ്ടാണ് മമത തന്നെ പുറത്താക്കിയതെന്നും റിജു ദത്ത ആരോപിച്ചു. അഴിമതി സർക്കാരിനുള്ള ജനവിധിയാണ് തൃണമൂലിന് കിട്ടിയതെന്ന് മുൻ മന്ത്രി മനോജ് തിവാരിയും കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360