SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

എതിർപ്പ് കടുത്തു, വിജയ് യുടെ ജ്യോതിഷി ഔട്ട്

v

ചെന്നൈ: വിജയ്‌യുടെ ഉപദേഷ്ടാക്കളിൽ പ്രമുഖനും വിശ്വസ്തനുമായ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി)​ നിയമിച്ചത് റദ്ദാക്കി.

സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികൾ ഉൾപ്പെടെ വിമർശിച്ചതോടെയാണിത്.

ഇന്നലെ നിയമസഭയിൽ വിശ്വാസ വോട്ട് നേടിയതിനു പിന്നാലെയായിരുന്നു തിരുത്തൽ നടപടി. സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെയ്ക്കാൻ നിർദേശിച്ചത് വെട്രിവേൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്. വെട്രിവേൽ പാർട്ടിയുടെ മാദ്ധ്യമ വക്താവാണെന്നും തൊഴിൽ ഈ പദവിക്ക് തടസമല്ലെന്നുമായിരുന്നു ടി.വി.കെ നേതാവ് സി.ടി.നിർമ്മൽ കുമാർ ആദ്യം പ്രതികരിച്ചത്. സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) ഉൾപ്പെടെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.

'മതേതര സർക്കാരിൽ ഇത്തരം നിയമനങ്ങൾ അംഗീകരിക്കാനാവില്ല. ശാസ്ത്ര ബോധം വളർത്തുക സർക്കാരിന്റെ കടമയാണ്'- വി.സി.കെ ജനറൽ സെക്രട്ടറി ഡി.രവികുമാർ പറഞ്ഞു.യുവാക്കൾക്ക് എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് ഡി.എം.ഡി.കെ നേതാവ് പ്രേമലത വിജയകാന്ത് നിയമസഭയിൽ ചോദിച്ചു.

വിജയ് യെ പിന്തുണയ്ക്കുന്ന കോൺഗ്രസും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഒരു ജ്യോത്സ്യന് എന്തിനാണ് കാബിനറ്റ് പദവിയെന്ന് എം.പി ശശികാന്ത് സെന്തിൽ സമൂഹമാദ്ധ്യമത്തിലൂടെ പരിഹസിച്ചു. ഇടതുപക്ഷ പാർട്ടികളും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അതേസമയം ബി.ജെ.പി ന്യായീകരിക്കുകയാണ് ചെയ്തത്.

പിന്തുണ നൽകിയ പാർട്ടികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാനാണ് നിയമനം റദ്ദാക്കിയതെന്ന് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360