
കൊൽക്കത്ത: ജൂൺ മുതൽ മതാടിസ്ഥാനത്തിലുള്ള സർക്കാർ പദ്ധതികൾ സംസ്ഥാനത്ത് നിറുത്തലാക്കി സുവേന്ദു അധികാരിയുടെ സർക്കാർ. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയും റദ്ദാക്കാൻ ഇന്നലെ നടന്ന സംസ്ഥാന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തീരുമാനമായി. ക്വാട്ടാ യോഗ്യത നിശ്ചയിക്കാൻ ഒരു പാനൽ രൂപവത്കരിക്കുമെന്നും സർക്കാർ പറഞ്ഞു.
സാംസ്‌കാരിക വകുപ്പും ന്യൂനപക്ഷ,മദ്രസ വിദ്യാഭ്യാസ വകുപ്പും മതാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതികൾ മേയ് അവസാനം വരെ തുടരും. ഇവ ജൂൺ മുതൽ നിറുത്തലാക്കും. ഇത് സംബന്ധിച്ച അറിയിപ്പുകൾ പ്രത്യേകമായി പുറത്തിറക്കുമെന്ന് മന്ത്രി അഗ്നിമിത്ര പോൾ പറഞ്ഞു. തൃണമൂൽ സർക്കാർ അധികാരമേറ്റ് ഒരു വർഷത്തിനുശേഷം ഇമാം, ക്ഷേത്ര പൂജാരിമാർ എന്നിവർക്ക് പ്രതിമാസ ഓണറേറിയം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികളാണ് അവസാനിപ്പിക്കുന്നത്. ഈ പദ്ധതികളിൽ ആദ്യത്തേത് 2012ലാണ് അവതരിപ്പിച്ചത്. ബംഗാളിലെ എല്ലാ ഇമാമുമാർക്ക് പ്രതിമാസ ഓണറേറിയം സർക്കാർ പ്രഖ്യാപിച്ചു. ഈ പദ്ധയിൽ രജിസ്റ്റർ ചെയ്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതനേതാക്കൾക്ക് പിന്തുണ നൽകുന്നതിനായി പ്രതിമാസം 2,500 രൂപയാണ് നൽകിയിരുന്നത്. സമാനമായ ധനസഹായ പരിപാടി മുഅദ്ദിൻമാരിലേക്കും (പള്ളികളിൽ ബാങ്ക് വിളിക്കുന്നവർ) വിപുലീകരിച്ചു. ഈ രണ്ട് ഫണ്ടുകളും ന്യൂനപക്ഷ ക്ഷേമവകുപ്പിൽ നിന്നായിരുന്നു.
2020ൽ അന്നത്തെ സംസ്ഥാന സർക്കാർ ഹിന്ദു പൂജാരികൾക്കും സമാനമായ ഒരു അലവൻസ് അവതരിപ്പിച്ചു. മുസ്ലിം മതനേതാക്കൾക്ക് മാത്രമാണ് സർക്കാർ സഹായം ലഭിക്കുന്നതെന്ന വിമർശനത്തെ തുടർന്നായിരുന്നു ഇത്. ഈ പദ്ധതിയിലൂടെ പൂജാരികൾക്ക് പ്രതിമാസ
1,000 രൂപ ഓണറേറിയമായി ലഭിച്ചു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2,000 രൂപയായി പരിഷ്‌കരിച്ചിരുന്നു. അതേസമയം, മമത ബാനർജി സർക്കാരിന്റെ കാലത്ത് ഫണ്ട് വിതരണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ ഒരു കമ്മിഷനെയും രൂപവത്കരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |