SignIn
Kerala Kaumudi Online
Saturday, 30 May 2026 2.11 AM IST

സ്യൂട്ട് മാറ്റി; മുണ്ടുടുത്ത് മുതൽവൻ

aa

 പ്രധാനമന്ത്രിയെ കണ്ടു,​ രാഹുലിനെ കാണാതെ മടക്കം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്നലെ സെക്രട്ടേറിയറ്റിലെത്തിയത് ഗോൾഡൻ ക്രീം കളർ ഷർട്ടും മുണ്ടും ധരിച്ച്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഈ വേഷത്തിൽ അദ്ദേഹമെത്തുന്നത്. സത്യപ്രതിജ്ഞ ചെയ്തതുമുതൽ സ്യൂട്ട് ധരിച്ചാണ് എത്തിയിരുന്നത്. മുഖ്യമന്ത്രി എന്നും കോട്ടും സ്യൂട്ടും ധരിച്ചെത്തുന്നത് ചർച്ചയായിരിക്കെയാണ് വേഷത്തിലെ മാറ്റം. ഇന്നലെ ഓഫീസിലെത്തിയ പ്രമുഖരുമായി സംസാരിച്ചതും പുതിയ വേഷത്തിലായിരുന്നു.

ഡൽഹയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനേയും സന്ദർശിച്ചപ്പോൾ സ്യൂട്ടാണ് ധരിച്ചിരുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ വിജയ് കോൺഗ്രസ് നേതാക്കളെയാരും സന്ദർശിക്കാൻ തയ്യാറായില്ല. വിജയ്‌യെ വരവേൽക്കാനായി കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകളുമായി കാത്തിരുന്നുവെങ്കിലും നിരാശരായി. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകൾ പിന്നീട് ഒഴിവാക്കുകയായിരുന്നു. കോൺഗ്രസ് തമിഴ്നാട്ടിൽ ടി.വി.കെ സഖ്യത്തിലാണ്. സഖ്യത്തിൽ വിള്ളലുണ്ടായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ തമിഴ്നാടിനെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ മുഖ്യമന്ത്രി ചർച്ച ചെയ്തു. കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ അദ്ദേഹം ആശങ്ക അറിയിച്ചു. കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കം സുപ്രീം കോടതി വിധിക്കും കാവേരി ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവിനും വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തുറമുഖങ്ങൾ, ദേശീയ പാതകൾ, റെയിൽവേ പദ്ധതികൾ, ഇൻഡസ്ട്രിയൽ കോറിഡോറുകൾ എന്നിവയ്ക്കായുള്ള മുൻഗണനാ ഫണ്ടിങ് ആവശ്യപ്പെട്ട് അദ്ദേഹം നിവേദനം നൽകി. ഈറോഡ്, കോയമ്പത്തൂർ, മധുര എന്നീ നഗരങ്ങളിലെ മെട്രോ റെയിൽ പദ്ധതികൾക്കും സംസ്ഥാനത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും അദ്ദേഹം കേന്ദ്രത്തിന്റെ പിന്തുണ തേടി. വിജയ് കോൺഗ്രസ് ദേശീയ നേതാക്കളെ കാണാതെ മടങ്ങിയതിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അടുത്തയാഴ്ച കൂടിക്കാഴ്ചയുണ്ടാകുമെന്നും കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360