SignIn
Kerala Kaumudi Online
Friday, 05 June 2026 3.05 AM IST

ഡൽഹി തീ ദുരന്തം, ഹോട്ടലുടമ 4 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ, ഹോട്ടൽ ലൈസൻസ് മറ്റൊരാളുടെ പേരിൽ

r

ന്യൂഡൽഹി: മാളവ്യ നഗറിൽ 21 പേരുടെ മരണത്തിന് കാരണമായ തീപിടിത്തമുണ്ടായ ഫ്ളറിഷ് ഹോട്ടലിന്റെ ഉടമ ലവ്‌കേഷ് ബജാജിനെ ഡൽഹി കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മക്കൾ വിദേശത്തുള്ള ലവ്കേശ് രാജ്യം വിടുമെന്ന സൂചന ലഭിച്ചതിനാൽ പൊലീസ് ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹോട്ടൽ നടത്തിയിരുന്ന ജയ്‌ മിശ്ര ഒളിവിലാണ്. ഹോട്ടലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തരുന്നത് ഇയാളാണെന്നാണ് ലവ്‌കേശ് പൊലീസിനോട് പറഞ്ഞു.

ഖാദി സ്റ്റോറായി ഉപയോഗിച്ചിരുന്ന രണ്ടുനില കെട്ടിടം 2022ലാണ് ഹോട്ടലാക്കിയത്. കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചെന്ന് ലവ്‌കേശ് സമ്മതിച്ചു. കെട്ടിടത്തിന് ഫയർ എൻ‌.ഒ‌.സിയില്ലായിരുന്നു. അതിനിടെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർ സർവീസ് സ്ഥിരീകരിച്ചു. താഴേ നിലയിലെ പടിക്കെട്ടിന് സമീപമാണ് തീപിടിത്തമുണ്ടായതെന്ന് കണ്ടെത്തി. റെസ്റ്റോറന്റിൽ സൂക്ഷിച്ചിരുന്ന എൽ.പി.ജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി സംശയിക്കുന്നു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു.

ഇതിനിടെ ഡൽഹി സർക്കാർ ബ്രഡ് ആൻഡ് ബ്രേക്ക് ഫാസ്റ്റ് പദ്ധതി നിറുത്തലാക്കി. തീപിടിച്ച ഫ്ളറിഷ് ഹോട്ടൽ ഈ പദ്ധതിക്കു കീഴിലാണ് രജിസ്റ്റർ ചെയ്‌തത്.

ഒരു കുടുംബത്തിലെ

എട്ടുപേർ

ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ട് പേരും ഉൾപ്പെടുന്നു. മാക‌്സ് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് രാധേ ശ്യാമിനെ കാണാൻ വന്ന ഗുരുഗ്രാം സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് വിവേക് ​​അഗർവാളും കുടുംബവുമാണ് മരിച്ചത്. ഭാര്യ തർജനി അഗർവാൾ,മക്കളായ ജീവിഷ,വാര്യ, ബന്ധുക്കളായ തർജനി അഗർവാൾ,ജാവേരി അഗർവാൾ,അശോക് അഗർവാൾ,കമല അഗർവാൾ എന്നിവരാണ് മരിച്ചത്. ഹോട്ടലിൽ രണ്ട് മുറിയെടുത്തിരുന്ന ഇവർ അപകട സമയം പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു.

49ൽ 21 പേരാണ് മരിച്ചത്. ഇതിൽ 12 വിദേശികളും 9 ഇന്ത്യക്കാരും ഉൾപ്പെടുന്നു. എട്ട് പേർ ആശുപത്രിവിട്ടു.

നടപടി തുടങ്ങി

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ,ലോഡ്ജുകൾ,നഴ്സിംഗ് ഹോമുകൾ,കോച്ചിംഗ് സെന്ററുകൾ,റെസ്റ്റോറന്റുകൾ,മറ്റ് വാണിജ്യ സ്ഥാപനങ്ങൾ കെട്ടിടങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. ഇടുങ്ങിയ വഴികളുള്ള സ്ഥലങ്ങളിൽ അഗ്നിശമന ക്രമീകരണങ്ങളൊരുക്കും. ഒരു മാസം നീളുന്ന നടപടിക്ക് ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു ഉത്തരവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360