
ന്യൂഡൽഹി: തമിഴ്നാട് ബി.ജെ.പി മുൻഅദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ പാർട്ടിയിൽ നിന്നുള്ള രാജി
ദേശീയ നേതൃത്വം സ്വീകരിച്ചു. ഡൽഹിയിൽ വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ നിതിൻ നവിൻ രാജി സ്വീകരിച്ച വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം അണ്ണാമലൈ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും.സ്വന്തം പാർട്ടി എന്ന തീരുമാനത്തിൽ ഉറച്ചുനിന്ന അണ്ണാമലൈ അഞ്ചു പേജുള്ള രാജിക്കത്ത് നിതിൻ നവിന് കൈമാറി.
ഒരു ദിവസം കൂടി ഡൽഹിയിൽ തുടരാൻ നിർദ്ദേശിച്ച നിതിൻ, നിലവിലെ തമിഴ്നാട് അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ വിളിപ്പിച്ചിരുന്നു. അണ്ണാമലൈയെ കൊണ്ടുവരാൻ മുൻകൈയെടുത്ത ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷും ചർച്ചയുടെ ഭാഗമായിരുന്നു. സമവായമാകാതിരുന്നതോടെ രാജി അംഗീകരിക്കുകയായിരുന്നു.
ഹിന്ദി പാർട്ടിയായ ബി.ജെ.പിക്ക് തമിഴ്നാട്ടിൽ വിജയിക്കാനാകില്ലെന്ന വാദവുമായാണ് അണ്ണാമലൈ രാജി സമർപ്പിച്ചത്. ഈ വിശ്വാസം മാറ്റാൻ താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും രാജിക്കത്തിൽ സൂചിപ്പിച്ചു.
അണ്ണാ ഡി.എം.കെയുമായുള്ള സഖ്യം പുനഃസ്ഥാപിക്കുന്നത് അടക്കം നൈനാർ നാഗേന്ദ്രന്റെ നേതൃത്വം കൈകൊണ്ട നീക്കങ്ങളെ അദ്ദേഹം എതിർത്തിരുന്നു. ബി.ജെ.പി ഒറ്റയ്‌ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ നിലപാട്.
36-ാം വയസിൽ ഐ.പി.എസിൽ നിന്ന് സ്വയം വിരമിച്ച ശേഷമാണ് അണ്ണാമലൈ 2020ൽ ബി.ജെ.പിയിൽ ചേർന്നത്. ഒരു വർഷത്തിനുശേഷം സംസ്ഥാന അദ്ധ്യക്ഷനായി. തമിഴ്നാട്ടിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം വർദ്ധിപ്പിച്ചെങ്കിലും വൻ വിജയമൊരുക്കാൻ സാധിച്ചില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെടുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |