
□ജാഗ്രതയോടെ പൊലീസും സർക്കാരും
ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധ നേടിയ
കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഇന്ന് ഡൽഹിയിൽ. സ്ഥാപകൻ അഭിജീത് ദിപ്കെ യു.എസിൽ നിന്ന് ഇന്ന് രാവിലെ എട്ടുമണിക്ക് ഡൽഹിയിലെത്തും. പ്രതിഷേധത്തിന് സംഘടന അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം ലഡാക്കിലെ ജെൻ സി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ സോനം വാങ്‌ചുക്ക് അടക്കമുള്ളവർക്കൊപ്പം ജന്ദർമന്ദറിലെ പ്രതിഷേധത്തിന് അനുമതികൾ തേടാൻ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്ന് അഭിജീത് അറിയിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിക്കുമെന്ന് സൂചനയുണ്ട്.
പ്രവർത്തകർ തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ വരേണ്ടെന്നും ജന്ദർമന്ദറിന് സമീപമുള്ള പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ എത്തണമെന്നും അഭിജീത് അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാർ കോക്രോച്ച് പാർട്ടി നീക്കങ്ങൾ സംശയത്തോടെ കാണുന്നതിനാൽ അഭിജീത് അറസ്റ്റ് ഭയക്കുന്നുണ്ട്. തന്റെ വിധി ഭരണഘടനയുടെ കൈകളിൽ വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം എക്‌സിൽ പറഞ്ഞു.
ഇടപെടാതെ
കോടതി
ഇന്ന് പ്രഖ്യാപിച്ച പ്രതിഷേധത്തിൽ ജനക്കൂട്ടം തടിച്ചു കൂടുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ മുൻനിർത്തി നടപടി സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
ഇന്നത്തെ പ്രതിഷേധത്തിന് എസ്.എഫ്.ഐ അടക്കം വിവിധ വിദ്യാർത്ഥി സംഘടനകളുടെ സഹായം സി.ജെ.പി തേടിയിട്ടുണ്ട്.
സി.ജെ.പി പ്രവർത്തകർക്ക്
നിർദ്ദേശങ്ങൾ:
അഭിജീതിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തരുത്.
പാർലമെന്റ് പൊലീസ് സ്റ്റേഷനു മുന്നിൽ എത്തേണ്ടത് ദേശീയ പതാകയും ഒരു പുസ്‌തകവുമായി.
പ്രതിഷേധം സമാധാനപരവും ജനാധിപത്യപരവുമായിരിക്കണം.
മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുക.
ചൂടിനെ നേരിടാൻ വെള്ളം കരുതുക.
പ്രസ്ഥാനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ആരുമായും ഇടപഴകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |