
ന്യൂഡൽഹി: ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് (97) അന്തരിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെ സ്വവസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1984-90 കാലഘട്ടത്തിൽ ലോക്‌സഭ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച കശ്യപ് പാർലമെന്ററി നടപടിക്രമങ്ങളുടെ വിജ്ഞാന കോശമായിരുന്നു. പാർലമെന്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സംശയ നിവാരണത്തിനും എം.പിമാർ, മാദ്ധ്യമ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധിപേർ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2015 രാജ്യം പദ്‌മഭൂഷൺ നൽകി ആദരിച്ചു.
പഴയ യു.പിയിലെ ബിജ്‌നോർ സ്വദേശിയായ കശ്യപ് കൗമാരപ്രായത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. ബിജ്‌നോറിലും മീററ്റിലും പ്രാദേശിക വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി. അലഹബാദ്, ന്യൂഡൽഹി, വാഷിംഗ്ടൺ ഡി.സി, ലണ്ടൻ എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.
പത്രപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. അലഹബാദ് സർവകലാശാലയിൽ അദ്ധ്യാപകനുമായിരുന്നു. ലോക്‌സഭാ സെക്രട്ടേറിയറ്റിൽ ചേരും മുൻപ് ഡൽഹിയിൽ അഭിഭാഷകനുമായിരുന്നു. പാർലമെന്റ് ചരിത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. പാർലമെന്റിലെ നിരവധി സമിതികളുടെ ഭാഗവുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |