
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവിനെ പിന്തള്ളി പ്രധാനമന്ത്രി പദത്തിൽ റെക്കാഡ് കുറിച്ച നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം. പദവിയിൽ തുടർച്ചയായി 4399 ദിവസമാണ് മോദി പൂർത്തിയാക്കിയത്. 4398 ആയിരുന്നു നെഹ്റുവിന്റെ റെക്കാഡ്. യോഗം മോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി. മന്ത്രിമാർ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പ്രധാനമന്ത്രി നന്ദി പറഞ്ഞു.
'രാഷ്ട്രം ആദ്യം' എന്ന ആദർശവുമായി നയിക്കുന്ന നേതാവിന് ജനങ്ങൾ നൽകിയ അഭൂതപൂർവമായ പിന്തുണയാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2047 ഓടെ വികസിത രാഷ്ട്രമായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തെ ജനങ്ങളെ സുരക്ഷിതരാക്കുകയും നഷ്ടപ്പെട്ട ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കുകയും ചെയ്തതാണ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അനുമോദന സന്ദേശത്തിൽ പറഞ്ഞു. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണനും കേന്ദ്ര മന്ത്രിമാരും ആശംസകൾ നേർന്നു.
ആശംസയുമായി ലോക നേതാക്കൾ
ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു കെനിയൻ പ്രസിഡന്റ് വില്യം സമോയി റൂട്ടോ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജയ് മ്യൂങ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, ജർമ്മൻ ചാൻസലർ ബുണ്ടസ്‌കാൻസ്‌ലർ ഫ്രെഡറിക് മെർസ്, പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രധാനമന്ത്രി കമാൽ പെർസാദ്-ബിസേസർ തുടങ്ങി നിരവധി രാഷ്ട്രത്തലവൻമാരും അഭിനന്ദനങ്ങൾ നേർന്നു.
ഇച്ഛാശക്തിയുള്ള നേതാവ്: എൻ.ഡി.എ യോഗം
ധീരമായ പരിഷ്കാരങ്ങൾ പിന്തുടരാനുള്ള ഇച്ഛാശക്തിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര സർക്കാരിന്റെ 12-ാം വാർഷികത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച എൻ.ഡി.എ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിപദം ഏറ്റവും കൂടുതൽ കാലം വഹിച്ചെന്ന റെക്കാഡ് നേടിയമോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി. വെല്ലുവിളികളെ ധീരമായ പരിഷ്കാരങ്ങളിലൂടെ അദ്ദേഹം മറികടന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവതരിപ്പിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് ,ഘടകകക്ഷി നേതാക്കളായ ജിതൻ റാം മാഞ്ചി, എച്ച്.ഡി. കുമാരസ്വാമി, ഏക്നാഥ് ഷിൻഡെ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി തുടങ്ങിയവർ പിന്തുണച്ചു. കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേൽ പ്രമേയം വായിച്ചു.
പാർട്ടിയെക്കാൾ വലുത് രാജ്യം: പ്രധാനമന്ത്രി
പാർട്ടിയേക്കാൾ വലുത് രാജ്യമെന്ന മനോഭാവമുള്ളതിനാൽ തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗത്തിൽ പറഞ്ഞു. അസാധ്യമെന്ന് കരുതിയ തീരുമാനങ്ങൾ, കൃത്യമായി എടുക്കാൻ കഴിഞ്ഞെന്ന് ജമ്മുകാശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയത് അടക്കം ചൂണ്ടിക്കാട്ടി വിശദീകരിച്ചു. ദേശീയ താത്പര്യം മുൻനിർത്തിയുള്ള തീരുമാനങ്ങൾ ഇനിയും വരുമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |