
ജലന്ധർ: പഞ്ചാബിൽ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ഡോക്ടറായ ഭർത്താവിനെതിരെ കേസെടുത്തു. കപുർത്തല സിവിൽ ആശുപത്രിയിലെ ഡോക്ടറായ മീനാക്ഷിയെ (37) ബുധനാഴ്ചയാണ് ജലന്ധറിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഡോ. പീയുഷ് സൂദ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നെന്ന് മീനാക്ഷിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പീയുഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം മീനാക്ഷി കണ്ടെത്തി. പിന്നാലെ ഉപദ്രവം പതിവായിരുന്നു. മകൾ അറിയാതെ അവളുടെ പേരിൽ പീയുഷ് രണ്ടരക്കോടിയോളം രൂപ വായ്പയെടുത്തിരുന്നതായും പിതാവിന്റെ പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് പീയുഷിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
നേത്രരോഗ വിദഗ്ദ്ധനും നാഷണൽ ഐ ഹോസ്പിറ്റൽ ഉടമയുമായ ഡോ. പീയുഷ് ജലന്ധറിൽ കണ്ണാശുപത്രി നടത്തിവരികയാണ്. 2018ലാണ് മീനാക്ഷിയുമായുള്ള വിവാഹം.
മീനാക്ഷിയാണ് പീയുഷിന് ആശുപത്രി തുടങ്ങാൻ 35 ലക്ഷം രൂപ വായ്പയെടുത്തു നൽകിയത്. മീനാക്ഷി തന്നെ ഈ വായ്പ തിരിച്ചടച്ചു. 2023ൽ പീയുഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മീനാക്ഷി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട സ്വകാര്യവീഡിയോയും മീനാക്ഷിക്ക് ലഭിച്ചു. ഇതോടെ പീയുഷ് ശാരീരിക ഉപദ്രവം തുടങ്ങി. പീയൂഷ് പലപ്പോഴും മീനാക്ഷിയുടെ അമ്മയെ വിളിച്ച് 'മീനാക്ഷിയെ അടിച്ചു, എനിക്ക് തെറ്റ് പറ്റി' എന്ന് പറയുമായിരുന്നു. കുടുംബങ്ങൾ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2025ൽ പീയുഷ് മീനാക്ഷിയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു.
അന്ന് മീനാക്ഷി പൊലീസ് ഹെൽപ് ലൈനിൽ വിളിച്ച് സഹായം തേടിയിരുന്നു. ശേഷം ഇരുവരും രണ്ടിടത്തായിരുന്നു താമസം. അടുത്തിടെ സ്വന്തമായി ഒരു വീട് വാങ്ങാൻ മീനാക്ഷി തീരുമാനിച്ചു. ഇതിനുള്ള വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തന്റെ പേരിൽ ഭർത്താവ് രണ്ടരക്കോടി രൂപ വായ്പയെടുത്ത വിവരമറിഞ്ഞത്. ഇക്കാര്യം മീനാക്ഷി ചോദിച്ചു. എന്നാൽ, പീയുഷ് ഭീഷണിപ്പെടുത്തി. ഇതിനുശേഷം മകൾ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്നും . മീനാക്ഷി കണ്ടെത്തിയ സ്വകാര്യദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പിതാവ് പറയുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. പീയൂഷിന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. അന്വേഷണം ഊർജ്ജിതമാക്കിയതായും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |