SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.06 AM IST

ബ്രിക്‌സ് സുരക്ഷാ സമ്മേളനം തുടങ്ങി

brics-meeting

ന്യൂഡൽഹി: ലോകം നേരിടുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യുന്ന ബ്രിക്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനം ഡൽഹിയിൽ ആരംഭിച്ചു. സെപ്തംബറിൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണിത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന രണ്ട് ദിവസത്തെ യോഗത്തിൽ, ഇന്ത്യയ്‌ക്കു പുറമെ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുത്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഇറാൻ പ്രതിനിധിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും. ചൈനയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രിയും അവരുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവുമായ വാങ്യിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.

ദേശീയ സുരക്ഷാ ഭീഷണികളുടെ സ്വഭാവം, പുതിയ സാങ്കേതികവിദ്യകളുടെ പങ്ക്, സൈബർ സുരക്ഷ, ഡിജിറ്റൽ ബലഹീനതകൾ, കൃത്രിമബുദ്ധി മൂലമുണ്ടാകുന്ന ഭീഷണികൾ എന്നിവയും സമ്മേളനം ചർച്ച ചെയ്യും. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾ ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് ഇന്ത്യ ഉന്നയിക്കും. വിവര, ആശയവിനിമയ സാങ്കേതികവിദ്യകളിലെ സുരക്ഷ സംബന്ധിച്ച് അടുത്തിടെ നടന്ന ബ്രിക്‌സ് സംയുക്ത വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലെ ചർച്ചകളും വിലയിരുത്തും. ഇന്ത്യ ബ്രിക്സ് അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നതിനാലാണ് സമ്മേളനം ഡൽഹിയിൽ നടക്കുന്നത്.

ഇന്ത്യ-ഇറാൻ

ചർച്ച

ഡൽഹിയിലെ സമ്മേളനത്തിനെത്തിയ ഇറാൻ പ്രതിരോധകാര്യ ഡെപ്യൂട്ടി സെക്രട്ടറി ഗാദിർ നെസാമിപൂരുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ഇരുവരും വിലയിരുത്തി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധവും ചർച്ചയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360