
അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ 1400 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചേക്കും.സ്വർണം,വെള്ളി,വജ്രം ഉൾപ്പെടെ കടത്തിയെന്നും പറയപ്പെടുന്നു.
ട്രസ്റ്റ് അംഗങ്ങൾ ഉൾപ്പെടെ 80ഓളം പേർ പ്രതികളാക്കിയേക്കും. ഭൂമി ഇടപാടിലും ക്രമക്കേട് നടന്നെന്ന് റിപ്പോർട്ടുണ്ട്. വിപണി വിലയുടെ 17 ഇരട്ടി വരെ നൽകി ഭൂമി വാങ്ങിയെന്നാണ് സൂചന.
മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 150 പേജുകളുള്ള പ്രാഥമിക റിപ്പോർട്ട് കൈമാറിയെന്നാണ് സൂചന. ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര തുടങ്ങിയവരെ ചോദ്യം ചെയ്‌തിരുന്നു. ഇവർ നിരന്തര നിരീക്ഷണത്തിലാണ്. ട്രസ്റ്റ് ഭാരവാഹികൾ അയോദ്ധ്യ വിട്ടുപോകരുതെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ആറു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. ഏഴ് പെൻ ഡ്രൈവുകളിലായി ഡേറ്റ കൈമാറി. സംശയിക്കപ്പെടുന്ന 150ൽപ്പരം പേരുടെ വിവരങ്ങൾ ഇതിലുണ്ടെന്ന് അറിയുന്നു.
2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടന്ന സമയത്തടക്കം അയോദ്ധ്യയിലെത്തിയവർ നൽകിയ സംഭാവനകൾ അടിച്ചുമാറ്റിയെന്നാണ് ആരോപണം. ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭകാലത്തെ കർസേവകനടക്കം അയോദ്ധ്യ പൊലീസിനെ സമീപിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ടു പൊതുതാത്പര്യഹർജികളിൽ അടിയന്തര വാദം കേൾക്കാൻ അലഹബാദ് ഹൈക്കോടതി തയ്യാറായില്ല. ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് ലക്‌നൗ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നീ അഭിഭാഷകർ സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി സമർപ്പിച്ചു.
അടുത്ത അനുയായികൾ
പ്രതികളായേക്കും
ചമ്പത് റായിയുടെ വിശ്വസ്‌തർ പ്രതികളായേക്കും. സംഭാവന എണ്ണി തിട്ടപ്പെടുത്താൻ മേൽനോട്ടം വഹിച്ചിരുന്ന ടിന്നു എന്ന രാം ശങ്കർ യാദവിന് തട്ടിപ്പിൽ പ്രധാന പങ്കുണ്ടെന്നാണ് നിഗമനം. 8 മാസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഇയാൾ ഇടപെട്ട് ഡിലീറ്റ് ചെയ്‌തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭാവനകൾ, വ്യാജ ട്രസ്റ്റുകളുണ്ടാക്കി തട്ടിയെടുക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു.
മഥുരയിൽ 1000 കോടിയടെ
ക്രമക്കേടെന്ന് ആക്ഷേപം
മഥുര കൃഷ്‌ണ ജന്മഭൂമി ക്ഷേത്രത്തിൽ 1000 കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് ആരോപണമുയർന്നു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ക്ഷേത്ര പുരോഹിതൻ ദിനേഷ് ഫലാഹരി മഹാരാജ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ആരോപണങ്ങൾ ക്ഷേത്രം ട്രസ്റ്റ് തള്ളി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി. സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ല, ദേവന് 56 വിഭവങ്ങൾ സമർപ്പിക്കുന്ന ചടങ്ങിൽ നിന്നുള്ള വരുമാനത്തിൽ ക്രമക്കേട് നടത്തുന്നു, ഭക്തർ സമർപ്പിക്കുന്ന സ്വർണം-വെള്ളി ആഭരണങ്ങൾക്ക് കണക്കില്ല തുടങ്ങിയവയാണ് ആരോപണങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |