കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തന്റെ പ്രശസ്തമായ നീണ്ട മുടി തിരുമല തിരുപ്പതി വെങ്കിടാചലപതി ഭഗവാന് സമർപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. തിരുമല ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായുള്ള പാരമ്പര്യമാണ് മുടി സമർപ്പണം. ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തർ അനുഷ്ഠിക്കുന്ന പുണ്യകർമ്മം, ശ്രീ വെങ്കടേശ്വര സ്വാമിക്ക് മുന്നിൽ സമർപ്പണത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. പുലർച്ചെ 3.30ന് ഭഗവാനെ പള്ളിയുണർത്തുന്ന ചടങ്ങായ സുപ്രഭാത സേവയിലും അദ്ദേഹം പങ്കെടുത്തു.
ദർശനത്തിന് ശേഷം ക്ഷേത്രം പുരോഹിതർ അദ്ദേഹത്തെ വേദമന്ത്രങ്ങളാൽ അനുഗ്രഹിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസർ അദ്ദേഹത്തിന് പ്രസാദവും പുണ്യ സ്മരണികയും നൽകി. ക്ഷേത്രത്തിലെ ഗോശാല സന്ദർശിച്ച അനന്ത് അംബാനി അവിടെയുള്ള പശുക്കൾക്കും ആനകൾക്കും പ്രണാമം അർപ്പിച്ചു. തുടർന്ന് തിരുപ്പതിയിലെ ശ്രീ പദ്മാവതി അമ്മാവരി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്.
ഭാരതീയ സംസ്കാരത്തോടും ആത്മീയ പാരമ്പര്യത്തോടുമുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചാണ് അനന്ത് അംബാനി മടങ്ങിയത്. രാജ്യത്തെ ഏറ്റവും പുണ്യകരമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നിൽ ആയിരക്കണക്കിന് ഭക്തർ പുലർച്ചെയുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |