
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രതിരോധ കയറ്റുമതിയിൽ വൻകുതിപ്പാകുന്ന ധാരണയിൽ ഒപ്പുവച്ചു.
ഇതനുസരിച്ച് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും തദ്ദേശീയമായി നിർമ്മിച്ച അസ്‌ത്ര എം.കെ1 മിസൈലും ഇന്തോനേഷ്യയ്‌ക്ക് നൽകും. ചൈനീസ് വെല്ലുവിളി ചെറുക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നിരീക്ഷണം നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ഫിലിപ്പീൻസിനും വിയറ്റ്‌നാമിനും ശേഷം ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മിസൈൽ വാങ്ങുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഈ മൂന്ന് രാജ്യങ്ങൾക്കും ദക്ഷിണ ചൈനാ കടലിൽ ചൈനയുമായി സമുദ്ര തർക്കങ്ങളുള്ളതിനാൽ ഇടപാടിന് തന്ത്രപരമായ പ്രാധാന്യവുമുണ്ട്. ബ്രഹ്മോസ് എയ്‌റോസ്‌പേസും ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയവും ഒപ്പിട്ട കരാറിൽ ബാറ്ററികൾ,മിസൈലുകൾ,പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ ഉൾപ്പെടും. ഡി.ആർ.ഡി.ഒ വികസിപ്പിച്ച 110 കിലോമീറ്റർ പ്രഹരശേഷിയുള്ള അസ്ത്ര എം.കെ 1 അടിസ്ഥാന മോഡലാണ് കൈമാറുക. അസ്‌ത്രയുടെ ആദ്യ വിദേശ ഇടപാടാണിത്. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹം ഇന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.
ഇ.വി.എം, പ്രംബനൻ
ക്ഷേത്ര പുനരുദ്ധാരണം
സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, വാണിജ്യം, തുറമുഖ വികസനം, നിക്ഷേപം, എ.ഐ, സാങ്കേതികവിദ്യ, ഊർജ്ജം, സംസ്കാരം, ടൂറിസം, ബഹിരാകാശം, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും
നിർണായക ധാതുക്കൾ, അപൂർവ മൂലകങ്ങൾ, ശാസ്ത്രം, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ്, ടെലികമ്മ്യൂണിക്കേഷൻ, ദുരന്തനിവാരണം, ആരോഗ്യമേഖലയിലെ പരിശീലനം തുടങ്ങിയ കരാറുകളിൽ ഒപ്പിട്ടു
ഇന്ത്യ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) നൽകും
ഇന്ത്യയിൽ വികസിപ്പിച്ച ഗോതമ്പ് വിത്തുകൾ നൽകും
രവീന്ദ്രനാഥ ടാഗോറിന്റെ ഇന്തോനേഷ്യ സന്ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കും
യുനെസ്കോ പൈതൃകപ്പട്ടികയിലുള്ള പ്രംബനൻ ക്ഷേത്ര പുനരുദ്ധാരണത്തെ ഇന്ത്യ സഹായിക്കും
പരമോന്നത ബഹുമതി
ഇന്തോനേഷ്യൻ പരമോന്നത ബഹുമതിയായ 'ബിൻതാംഗ് അദിപൂർണ ഒഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ" പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മോദിക്ക് നൽകി. ബഹുമതി മോദി ഇന്ത്യക്കാർക്ക് സമർപ്പിച്ചു.
ഐ.ഐ.എമ്മിന് ക്യാമ്പസ്
ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐ.ഐ.എം.ബി) വിദേശ ക്യാമ്പസ് ഇന്തോനേഷ്യയിലെ മലാംഗ് സിംഗസാരി പ്രത്യേക സാമ്പത്തിക മേഖലയിൽ തുറക്കും.ഐ.ഐ.എം ബാംഗ്ലൂരിന്റെ ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസാണിത്.
ഇന്ത്യൻ മഹാസമുദ്രം വഴി വളർന്ന ബന്ധമാണ്
ഇരുരാജ്യങ്ങളുടേതും
- മോദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |