SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.08 AM IST

പരീക്ഷാ ക്രമക്കേട്; ജാർഖണ്ഡ് മുൻ പിഎസ്‌സി ചെയർമാൻ അറസ്റ്റിൽ,​ വിദ്യാർത്ഥികളുടെ നിയമസഭ മാർച്ചിൽ സംഘർഷം

g

റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ (ജെ.പി.എസ്.സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവച്ച മുൻ ചെയർമാൻ എൽഖിയാംഗ്‌ടെയെ സംസ്ഥാന പൊലീസിന്റെ സി.ഐ.ഡി ഇന്നലെ അറസ്റ്റ് ചെയ്തു. ക്രമക്കേടിൽ അന്വേഷണം ശക്തമായതോടെ ജൂലായ് 22നാണ് ചെയർമാൻ സ്ഥാനം രാജിവച്ചത്. കേസുമായി ബന്ധപ്പെട്ട് കമ്മിഷനിലെ മറ്റ് മൂന്ന് അംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ചതോടെയാണ് അറസ്റ്റ്.

അതേസമയം,ക്രമക്കേടിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ഇന്നലെ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ആയിരത്തിലധികം പേർ പങ്കെടുത്ത മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. നിരവധി പേർക്ക് പരിക്കേറ്റു. നിരോധനാജ്ഞ മറികടന്നായിരുന്നു മാർച്ച്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം 17 ദിവസം പിന്നിട്ടിട്ടും സർക്കാരിൽ നിന്ന് അനുകൂല നടപടിയില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിച്ചത്.

രാത്രി വൈകിയും പിരിഞ്ഞ് പോകാതെയിരുന്ന പ്രതിഷേധക്കാരുടെ നേരെയും മൂന്ന് തവണ പൊലീസ് ലാത്തി വീശി. വിഷയത്തിൽ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാരമിരിക്കുന്ന ജെ.എൽ.കെ.എം നേതാവ് ദേവേന്ദ്ര നാഥ് മാഹ്‌തോ ആംബുലൻസിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. സ്‌ട്രെച്ചറിലാണ് പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ നിറവേറ്റും വരെ പ്രക്ഷോഭം തുടരുമെന്നാണ് മാഹ്‌തോ പറഞ്ഞു. അതേസമയം,ഇയാളുടെശരീരഭാരം10.5 കിലോഗ്രാം കുറഞ്ഞെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ജാർഖണ്ഡ് പബ്ലിക് സർവിസ് കമ്മിഷന്റെ 2023, 2025 വർഷങ്ങളിലെ പരീക്ഷകളും 14ാം പ്രിലിമിനറി പരീക്ഷയും റദ്ദാക്കാമെന്നതായിരുന്നു സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ സി.ജി.എൽ പരീക്ഷയിലും മറ്റ് ജെ.എസ്.എസ്.സി പരീക്ഷകളിലും നടന്ന ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാർ പറഞ്ഞതോടെ ചർച്ച സമവായത്തിലാവാതെ പിരിയുകയായിരുന്നു.

ഇ.ഡിയുംരംഗത്ത്

ജെ.പി.എസ്.സി പരീക്ഷക്ക് പിന്നിലെ സാമ്പത്തിക ക്രമക്കേടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത് ഇന്നലെ അന്വേഷണം ആരംഭിച്ചു.

ബലപ്രയോഗംവേണ്ട: രാഹുൽ ഗാന്ധി

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ ബലം പ്രയോഗിക്കുന്നത് തെറ്റാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാവൂ. ജാർഖണ്ഡ് സർക്കാർ ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ കേട്ട് നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. നേരത്തെ ജാർഖണ്ഡിലെ പ്രതിഷേധത്തിൽ രാഹുൽ എന്ത് കൊണ്ട് മൗനം പാലിക്കുന്നുവെന്ന് ബി.ജെപി ചോദ്യമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ പ്രതികരിച്ച് രംഗത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JPSC, LATESTNEWS, ARREST, PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360