
ന്യൂഡൽഹി: 'ചില രാജ്യങ്ങൾ ഭീകരതയെ ഉപകരണമാക്കുകയും, ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയാണ്. ഈ ഇരട്ടത്താപ്പ് അനുവദിക്കില്ല". ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ താക്കീത് നൽകിയത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വേദിയിലിരിക്കുമ്പോഴായിരുന്നു മോദിയുടെ കടന്നാക്രമണം. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷെക്കിലാണ് എസ്.സി.ഒ ഉച്ചകോടി നടക്കുന്നത്.
മനുഷ്യരാശിക്ക് വെല്ലുവിളിയായ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ശക്തമായ സന്ദേശം നൽകണം. ഭീകരവാദത്തിനുള്ള ധനസഹായം, റിക്രൂട്ട്‌മെന്റ്, സുരക്ഷിത താവളങ്ങളൊരുക്കൽ തുടങ്ങിയ മുഴുവൻ ആവാസവ്യവസ്ഥയെയും തകർക്കണം. ഇന്ന് ലോകം പരസ്‌പരം ബന്ധിതമായതിനാൽ സുരക്ഷയുടെ വ്യാപ്‌തി വിശാലമാണ്. സംഘർഷം ഒരു മേഖലയിൽ മാത്രം ഒതുങ്ങില്ലെന്ന് പശ്ചിമേഷ്യൻ പ്രതിസന്ധി തെളിയിച്ചു. അതിന്റെ ആഘാതം ഊർജ്ജ സുരക്ഷ, സമുദ്ര വ്യാപാരം, വിതരണ ശൃംഖലകൾ തുടങ്ങിയവയിലൂടെ ലോകമെങ്ങും അനുഭവപ്പെട്ടു. വികസ്വര രാജ്യങ്ങളാണ് ഇതിന്റെ വലിയ ഇരകൾ. എല്ലാ പിരിമുറുക്കങ്ങളും സംഘർഷങ്ങളും ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
മുൻ യോഗത്തിൽ താൻ നിർദ്ദേശിച്ച സുരക്ഷ, കണക്ടിവിറ്റി, അവസരം എന്നിവ പ്രാവർത്തികമാക്കേണ്ട സമയമായി. വിപണികളെ ബന്ധിപ്പിക്കാനും വ്യാപാരം സുഗമമാക്കാനും റോഡ്, റെയിൽവേ, വ്യോമ ഇടനാഴികൾ തുറക്കണം. കസ്റ്റംസ് നടപടികൾ ലളിതമാക്കണം. ഡിജിറ്റൽ രേഖകൾ പ്രോത്സാഹിപ്പിക്കണം. ലോജിസ്റ്റിക്സ് നെറ്റ്‌വർക്കുകൾ കാര്യക്ഷമമാക്കണമെന്നും മോദി നിർദ്ദേശിച്ചു. എസ്.സി.ഒ സഹകരണത്തിന്റെ പ്രയോജനം ജനങ്ങളിലെത്തണം. മയക്കുമരുന്ന് കടത്ത് തടയാൻ എസ്.സി.ഒയുടെ കീഴിൽ സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ നല്ല ചുവടുവയ്‌പാണ്. രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്നും മോദി ഓർമ്മിപ്പിച്ചു.
ഗ്രൂപ്പ് ഫോട്ടോ വെട്ടി, പാകിസ്ഥാൻ വെട്ടിലായി
എസ്.സി.ഒ ഉച്ചകോടി വേദിയിലും ഗ്രൂപ്പ് ഫോട്ടോ സെഷനിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നേർക്കുനേർ വന്നെങ്കിലും മുഖം കൊടുത്തില്ല. അതേസമയം മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരുമായി സൗഹൃദം പങ്കിട്ടു. നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദി, ഇറാൻ പ്രസിഡന്റ് അടക്കമുള്ളവരെ ഒഴിവാക്കിയാണ് പാക് പ്രധാനമന്ത്രിയുടെ ഒാഫീസ് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതോടെ ഷെഹ്ബാസ് സ്വന്തം എക്‌സ് അക്കൗണ്ടിൽ മോദിയുള്ള ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചു.
Prime Minister Narendra Modi issued a strong warning to Pakistan during his speech at the Shanghai Cooperation Organisation (SCO) summit. His remarks came in the presence of Pakistan Prime Minister Shehbaz Sharif, who was seated at the venue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |