
ന്യൂഡൽഹി: 'ഏക് കച്ചോരി, ദോ സമോസാ, ഇൻ മർദോൻ കാ ക്യാ ഭരോസാ" (ഒരു കച്ചോരി, രണ്ട് സമോസ; ഈ പുരുഷന്മാരെ എങ്ങനെ വിശ്വസിക്കും?):സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ താളാത്മകമായ ഈ മുദ്രാവാക്യം ഡൽഹിയിലെ കോളേജ് വിദ്യാർത്ഥിനികളുടേതാണ്. സ്‌ത്രീ സുരക്ഷ ഉയർത്തിയുള്ള പ്രതിഷേധത്തിലാണവർ.
ഡൽഹിയിൽ ലേഡീ ശ്രീറാം കോളേജിന് സമീപം പാർക്കിൽ പൊലീസ് വേഷത്തിൽ 17കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് പ്രതിഷേധം തുടങ്ങിയത്. സ്ത്രീസുരക്ഷ സംബന്ധിച്ച ഗൗരവമുള്ള ചോദ്യങ്ങൾ വ്യത്യസ്‌ത മുദ്രാവാക്യങ്ങളായപ്പോൾ വൈറലായി. ക്യൂട്ടിയല്ല(സുന്ദരിയല്ല), വിപ്ലവകാരിയാണ് ഞാൻ, ഞങ്ങൾ സ്വതന്ത്രരാണ്. രാത്രികളിലും ഞങ്ങൾക്കവകാശമുണ്ട് - അങ്ങനെ പുതുശൈലിയിൽ ലളിതമായ മുദ്രാവാക്യങ്ങൾ ക്യാമ്പസിന് പുറത്തും ശ്രദ്ധേയമായി.
സെപ്തംബർ 23ന് തുടങ്ങിയ പ്രതിഷേധം ലേഡി ശ്രീറാം കോളേജ്, മിറാൻഡ ഹൗസ്, ഗാർഗി കോളേജ്, കമലാ നെഹ്റു കോളേജ് തുടങ്ങി വിവിധ ക്യാമ്പസുകളിലേക്ക് വ്യാപിച്ചു. 'ഞങ്ങൾ സ്ത്രീകൾ സ്വതന്ത്രരാണ് " എന്ന ബാനറിനുകീഴിലാണ് പ്രതിഷേധം ആരംഭിച്ചത്. 'ഇനി മിണ്ടാതിരിക്കരുത് ", 'ശബ്ദമുയർത്തൂ", 'റേപ്പിസ്റ്റിനെ ജയിലിലടയ്ക്കൂ, പെൺകുട്ടികളെയല്ല" തുടങ്ങിയ മുദ്രാവാക്യങ്ങൾ ശക്തമായ സന്ദേശമായി.
സെപ്തംബർ 30ന് 200ലേറെ വിദ്യാർത്ഥികൾ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഡൽഹി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ലൈംഗികാതിക്രമ കേസുകളിൽ എഫ്.ഐ.ആർ വൈകരുത്, സമയബന്ധിത സുരക്ഷാ പരിശോധന, സി.സി ടി വി, തെരുവുവിളക്കുകൾ, സുരക്ഷിത പൊതുഗതാഗതം എന്നിവ ആവശ്യപ്പെട്ട് നിവേദനവും നൽകി. 'പെൺകുട്ടികളെ തൊടാതെ സ്വന്തം കാര്യം ശ്രദ്ധിക്കൂ", 'പുരുഷാധിപത്യം തകർക്കുക" തുടങ്ങിയ സന്ദേശങ്ങൾ അന്നുമുയർന്നു.
അതേദിവസം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരണജിത് സിംഗ് സന്ധു വനിതാ കോളേജ് പ്രിൻസിപ്പൽമാരുമായി യോഗം നടത്തി. കോളേജുകൾക്ക് സമീപത്തെ വെളിച്ചമില്ലാത്ത ഇടങ്ങൾ, മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര, സുരക്ഷിതമല്ലാത്ത പാർക്കുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. പൊലീസ് പട്രോളിംഗ്, സി.സി ടി വി, തെരുവുവിളക്കുകൾ, ഓരോ കോളേജിനും പ്രത്യേക പൊലീസ് നോഡൽ ഓഫീസർ തുടങ്ങിയ നടപടികൾക്ക് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |