
ന്യൂഡൽഹി: രേഖകൾ ഹാജരാക്കാതെയും നേരിട്ടുള്ള ഹിയറിംഗ് നടത്താതെയും ഡൽഹിയിൽ വോട്ടർമാരുടെ ക്ലിയറൻസ് നടത്താം. അർഹതയുള്ളവരെ യോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് (ഇ.ആർ.ഒ) അവസരം നൽകുന്ന സൗകര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇസിനറ്റ് പോർട്ടലിൽ ലഭ്യമാക്കി. ഇതനുസരിച്ച് വോട്ടർക്ക് യോഗ്യതയുണ്ടെന്നും പരിശോധന പൂർത്തിയാക്കിയെന്നും പോർട്ടലിൽ രേഖപ്പെടുത്തി ഇ.ആർ.ഒയ്ക്ക് അപേക്ഷ തീർപ്പാക്കാം. സെപ്തംബർ 30ന് മുമ്പ് രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചില കേസുകളിൽ ഹിയറിംഗ് നടത്തുകയും ചെയ്ത ശേഷമായിരുന്നു അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. പുതിയ ഓപ്ഷൻ വന്നതോടെ രേഖകളില്ലെങ്കിൽ ഇ.ആർ.ഒയ്ക്ക് സ്വന്തം പരിശോധനയുടെ അടിസ്ഥാനത്തിൽ അപേക്ഷ തീർപ്പാക്കാം.
എസ്.ഐ.ആറിൽ സാങ്കേതിക പൊരുത്തക്കേടുള്ളതിനാൽ നോട്ടീസ് ലഭിച്ചവരുടെ കാര്യത്തിൽ ഹിയറിംഗ് നിർബന്ധമാക്കേണ്ടതില്ലെന്ന് സെപ്തംബർ 26ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. പകരം ബി.എൽ.ഒമാർ വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ഇസിനറ്റിൽ അപ്‌ലോഡ് ചെയ്യണം. അപൂർവ സാഹചര്യങ്ങളിൽ മാത്രമേ ഹിയറിംഗ് നടത്തേണ്ടതുള്ളൂ. അതും ഓൺലൈനായി നടത്താനാണ് കമ്മിഷൻ നിർദ്ദേശം.
സ്വതന്ത്ര അന്വേഷണത്തിന്
അഭിഭാഷക കൂട്ടായ്മ
എസ്.ഐ.ആറിന്റെ നിയമസാധുത പരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണ കമ്മിഷൻ പ്രഖ്യാപിച്ച് അഭിഭാഷക കൂട്ടായ്മയായ ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ (എൽ.എ.എഫ്.സി). മുൻ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് മദൻ ബി. ലോകൂർ,ജസ്റ്റിസ് എ.കെ. പട്നായക്,മുൻ ജമ്മു കാശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് ബദർ ദുരെസ് അഹമ്മദ്,മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രേഖ ശർമ്മ,മുൻ പട്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവരടങ്ങിയതാണ് കമ്മിഷൻ. കപിൽ സിബൽ, ചന്ദർ ഉദയ് സിംഗ്, പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവർ, റെബേക്ക മാമ്മൻ ജോൺ തുടങ്ങിയ മുതിർന്ന അഭിഭാഷകരും കമ്മിഷൻ സിറ്റിംഗുകളിൽ പങ്കാളികളാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിയറിംഗുകൾ നടത്തും. പൗരന്മാർ, സംഘടനകൾ, വിദഗ്ദ്ധർ എന്നിവരിൽ നിന്ന് നേരിട്ട് മൊഴിയെടുക്കും. കമ്മിഷന്റെ അന്തിമ കണ്ടെത്തലുകളും ശുപാർശകളും അടങ്ങിയ റിപ്പോർട്ട് ഡിസംബറോടെ പൊതുജനങ്ങൾക്ക് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |