SignIn
Kerala Kaumudi Online
Monday, 26 October 2026 4.19 AM IST

ജഡ്‌ജി നിയമനങ്ങളിൽ തരികിട കളികളെന്ന് റിട്ട. ജസ്റ്റിസ് കൗൾ; ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കെ കേന്ദ്രത്തോട് വിധേയത്വം കാണിച്ചു

kaul

ന്യൂഡൽഹി: സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളിൽ തരികിട കളികൾ നടക്കുന്നുവെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി സഞ്ജയ് കിഷൻ കൗൾ. അദ്ദേഹമെഴുതിയ 'വിത്തൗട്ട് ഫിയർ ഓർ ഫേവർ' ആത്മകഥ പുറത്തിറങ്ങാനിരിക്കുകയാണ്. കഴിഞ്ഞദിവസം ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ആഞ്ഞടിച്ചു.

2022 ജൂൺ മുതൽ,റിട്ടയറായ ഡിസംബർ 23 വരെ കൊളീജിയം അംഗമായിരുന്നു കൗൾ. ജഡ്‌ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് കേന്ദ്രസർക്കാരുമായി മുൻകൂർ ആലോചനകൾ നടത്തുന്നതിനെ എതിർത്തിരുന്നുവെന്ന് കൗൾ വ്യക്തമാക്കി. സുതാര്യതയില്ലായ്‌മ,അധികാരത്തിന്റെ അമിതമായ കേന്ദ്രീകരണം തുടങ്ങിയവ കൊളീജിയത്തിന്റെ പോരായ്‌മകളാണ്.

ജഡ്‌ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് കേന്ദ്രസർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചു. കൊളീജിയം പരിഗണിക്കുന്നതിനും മുൻപ് കേന്ദ്രവുമായി ചർച്ച നടത്തുന്നത് പതിവായി. മുൻഗാമികളുടെ പാത പിന്തുടരുന്നുവെന്നാണ് ചന്ദ്രചൂഡ് ന്യായീകരിച്ചത്. ഇത്തരമൊരു രീതി പിന്തുടർന്നാൽ പിൻഗാമികൾക്ക് ബുദ്ധിമുട്ടാകുമെന്ന് താൻ അഭിപ്രായപ്പെട്ടു.

ഒരിക്കൽ അഞ്ച് പേരുകൾ കൊളീജിയം ശുപാർശ ചെയ്യാൻ തീരുമാനിച്ചപ്പോൾ,ആറാമതൊരു പേര് ചന്ദ്രചൂഡ് മുന്നോട്ടുവച്ചു. തനിക്കോ കൊളീജിയത്തിലെ മറ്റ് അംഗങ്ങൾക്കോ ​​സ്വീകാര്യമായിരുന്നില്ല. കേന്ദ്രത്തിന്റെ അനുമതി വാങ്ങിയിട്ടാകാം ചന്ദ്രചൂഡ് ഇതിനു മുതിർന്നത്. ജഡ്‌ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിൽ കേന്ദ്രം അടയിരിക്കുന്നത് ചോദ്യംചെയ്‌ത ഹർജികൾ തന്റെ ബെഞ്ചിൽ നിന്ന് എടുത്തുമാറ്റിയെന്നും കൗൾ പറഞ്ഞു.

ജാതി വരെ ചോദിക്കുന്നു

ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വ്യക്തിയെ ജഡ്‌ജിയായി നിയമിക്കുന്നത് കൊളീജിയം പരിഗണിച്ചപ്പോൾ,ആ സമുദായത്തിന്റെ പ്രാതിനിധ്യം ആവശ്യമുണ്ടോയെന്ന് കേന്ദ്രം ആരാഞ്ഞത് അവിടെ ഉന്നയിച്ചു. മതംമാറും മുൻപ് അദ്ദേഹത്തിന്റെ ജാതി എന്തായിരുന്നുവെന്ന് കേന്ദ്രം ചോദിച്ചിരുന്നു. അപ്രസക്തമായ ഇത്തരം ചോദ്യങ്ങൾ അസ്വസ്ഥനാക്കിയെന്ന് കൗൾ പറയുന്നു.

ഇത്തരത്തിലാണ് ജഡ്‌ജിമാരെ നിയമിക്കുന്നതെങ്കിൽ,എന്തിനാണ് മറ്റുള്ളവരോട് ആലോചിക്കുന്നതെന്നും നേരിട്ട് നിയമിച്ചുകൂടേയെന്നും ചന്ദ്രചൂഡിനോട് ചോദിച്ചു. കൊളീജിയം വരുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസുമാർ നേരിട്ടാണല്ലോ ജഡ്‌ജിമാരെ നിയമിച്ചിരുന്നതെന്ന് പറഞ്ഞ് കൊളീജിയത്തിൽ നിന്ന് താൻ ഇറങ്ങിപോയി. പിന്നീട് സർക്കാർ വഴങ്ങുകയും ആ ജഡ്‌ജിയെ നിയമിക്കുകയും ചെയ്‌തുവെന്നും കൗൾ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAUL, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360