
ന്യൂഡൽഹി: ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ നികുതി ഉദ്യോഗസ്ഥർക്ക് നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 7ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലിത് പരിഗണിക്കും. കൗൺസിൽ അംഗീകരിച്ചാൽ ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്താൻ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരും. നിലവിൽ ഗുരുതര ജി.എസ്.ടി കുറ്റങ്ങളിൽ കമ്മിഷണറുടെ അനുമതിയോടെ നികുതി ഉദ്യോഗസ്ഥർക്ക് കുറ്റവാളികളെ അറസ്റ്റ് ചെയ്യാം. വ്യാജ ഇൻവോയ്സ്, നികുതി വെട്ടിപ്പ്, അനധികൃതമായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നേടൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽപ്പെടും.
2021-22 മുതൽ 2024-25 വരെ കേന്ദ്ര ജി.എസ്.ടി വിഭാഗങ്ങൾ 72,393 നികുതി കുറ്റങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ 887 പേരെയാണ് അറസ്റ്റ് ചെയ്തത്. നികുതി ഉദ്യോഗസ്ഥരുടെ അധികാരം ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അറസ്റ്റ് വ്യവസ്ഥ പുനഃപരിശോധിക്കുന്നത്. ജി.എസ്.ടി കുറ്റങ്ങളെ ക്രിമിനൽ നടപടിയിൽ നിന്ന് ഒഴിവാക്കുന്നതും കൗൺസിൽ പരിഗണിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |