
ന്യൂഡൽഹി: 2001 ഒക്‌ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലേറി തുടർച്ചയായി 13 വർഷം. 2014 മുതൽ രാജ്യത്തെയും നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ മഹായാത്ര ഇന്ന് 25 വർഷം പൂർത്തിയാക്കുന്നു. ഏറ്റവും കൂടുതൽ ദിനം പ്രധാനമന്ത്രി പദവിയിൽ എന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡും മറികടന്നാണ് മോദി മുന്നേറുന്നത്. തുടർച്ചയായി മൂന്നുതവണ എൻ.ഡി.എ സർക്കാരിനെ അധികാരത്തിലെത്തിച്ചു. 22 സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ ഭരണത്തിലേറ്റാൻ ചുക്കാൻ പിടിച്ചു. ലോകം ബഹുമാനിക്കുന്ന പ്രധാന രാഷ്‌ട്രീയ നേതാവായി വളർന്നു. മേക്ക് ഇൻ ഇന്ത്യയിൽ വൻ ശക്തികളെ വരെ പങ്കാളികളാക്കി രാജ്യത്തിന്റെ യശസ്സുയർത്തി. ഒട്ടേറെ രാഷ്ട്രങ്ങൾ പരമോന്നത പദവി നൽകി ആദരിച്ചു. മോദിയുടെ തൊപ്പിയിൽ പൊൻതൂവലുകളേറെ.
സേവാ സങ്കൽപ്
അഭിയാന് സമാപനം
സെപ്‌തംബർ 17ന് മോദിയുടെ 76-ാം ജന്മദിനത്തിൽ ആരംഭിച്ച സേവാ സങ്കൽപ് അഭിയാൻ പരിപാടി ഇന്ന് സമാപിക്കും. സമാപന പരിപാടികൾ മോദിയുടെ ജന്മസ്ഥലമായ വാദ്നഗറിലും പാർലമെന്ററി മണ്ഡലമായ വാരാണസിയിലുമാണ് നടക്കുക. മോദിയുടെ വ്യക്തി ജീവിതത്തെയും പൊതുസേവനത്തെയും അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങൾ വഹിച്ച സേവാ യാത്രകൾ ഇന്ന് ഒത്തുചേരും. വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ജലാഭിഷേകം നടത്തും. ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ ഹേമാങ് ജോഷി എന്നിവർ പങ്കെടുക്കും.
വാദ്നഗറിലെ പരിപാടി ഹത്കേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് സമാപിക്കുക. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |