SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.27 PM IST

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു, ആറു മാസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ ബി. ജെ. പി മുഖ്യമന്ത്രി

vijay-rupani


പുതിയ മുഖ്യമന്ത്രി മൻസുഖ് മാണ്ഡവ്യയോ നിതിൻ പട്ടേലോ പ്രഫുൽ ഖോഡ പട്ടേലോ?

അഹമ്മദാബാദ്:ബി. ജെ. പി മുഖ്യമന്ത്രിമാരുടെ ശനിദശ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ മുഖ്യമന്ത്രി വിജയ്‌ രൂപാണിയും ഇന്നലെ രാജിവച്ചു.

ബി. ജെ. പി കേന്ദ്ര നേതൃത്വത്തിന്റെ അപ്രീതിക്കിരയായി ആറ് മാസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര റാവത്തും, അദ്ദേഹത്തിന് പകരം വന്ന തിരഥ് സിംഗ് റാവത്തും കർണാടകത്തിൽ യെദിയൂരപ്പയും ആണ് ഇക്കാലയളവിൽ രാജിവച്ചത്.

ഗുജറാത്തിൽ അടുത്ത വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജി.

പാർട്ടിയിലെ ആഭ്യന്തര സംഘർഷത്തിന്റെ ഫലമാണ് രാജിയെന്നാണ് സൂചന. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരായിരുന്നു എന്നും രൂപാണിയുടെ മോശം പ്രകടനത്തിൽ അതൃപ്തരായ കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടതാണെന്നും റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഭരണ വിരുദ്ധ വികാരം മറികടക്കാനുള്ള തന്ത്രമായും രാജി വിലയിരുത്തപ്പെടുന്നു.

കേന്ദ്ര ആരോഗ്യമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ മൻസുഖ് മാണ്ഡവ്യയോ രൂപാണി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന നിതിൻ പട്ടേലോ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന് കേൾക്കുന്നു. ഇരുവരും ഗാന്ധിനഗറിലെ ബി. ജെ. പി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. വിവാദമുണ്ടാക്കിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ പേരും കേൾക്കുന്നുണ്ട്.

2016 ആഗസ്റ്റിൽ ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായാണ് രൂപാണി മുഖ്യമന്ത്രിയായത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ വിജയിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. ആനന്ദിബെൻ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

മോദിക്ക് നന്ദി: രൂപാണി

രാജിക്ക്ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച രൂപാണി ബി.ജെ.പി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു. സംസ്ഥാന വികസനത്തിന് പുതിയ നേതൃത്വം വരുന്നത് നല്ലതാണ്. അതുകൊണ്ടാണ് രാജിവച്ചത്. പാർട്ടി നിർദ്ദേശപ്രകാരം പദവികൾ മാറുന്നത് പതിവാണ്. ബി.ജെ.പി പ്രവർത്തകനെന്ന നിലയിൽ തുടർന്നും ചുമതലകൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ മാർഗനിർദ്ദേശങ്ങൾ പിന്തുടർന്ന് ഗുജറാത്തിന്റെ വികസനത്തിനായി അഞ്ച് വർഷം പ്രവർത്തിച്ചു. ഇപ്പോൾ കൂടുതൽ വികസനത്തിനായി, പുതിയ ഊർജവും ശക്തിയും ആവശ്യമായതിനാൽ ഞാൻ രാജിവയ്‌ക്കാൻ തീരുമാനിച്ചു - രൂപാണി പ്രസ്താവനയിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY RUPANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360