SignIn
Kerala Kaumudi Online
Monday, 12 October 2026 10.39 PM IST

ജ്യൂസെന്നു കരുതി മദ്യം കുടിച്ച നാലുവയസുകാരന് ദാരുണാന്ത്യം, വിവരമറിഞ്ഞ് മുത്തച്ഛനും മരിച്ചു

liquor

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ കാട്പാടിയിൽ മുത്തച്ഛൻ വീട്ടിൽ വാങ്ങിവച്ച മദ്യം, ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് കുടിച്ച നാലുവയസുകാരൻ മരിച്ചു. കൊച്ചുമകൻ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ ഷോക്കിൽ മുത്തച്ഛൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തിരുവലം അണ്ണാനഗർ സ്വദേശി ചിന്നസാമി (62), മകളുടെ മകൻ രുദ്രേഷ് (4) എന്നിവരാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൂലിപ്പണിക്കാരനായ ചിന്നസാമി ദിനവും വൈകിട്ട് മദ്യപിക്കുമായിരുന്നു. സംഭവദിവസവും പതിവുപോലെ മദ്യപിച്ചശേഷം ചിന്നസാമി അടുത്ത മുറിയിലിരുന്ന് ടി.വി കണ്ടു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. ഈ സമയത്ത് ജ്യൂസാണെന്നു കരുതി രുദ്രേഷ് മുത്തച്ഛൻ കാണാതെ മദ്യക്കുപ്പി വായിലേക്ക് കമിഴ്ത്തുകയായിരുന്നു.

മദ്യം കഴിച്ചതോടെ ശ്വാസംമുട്ടിയ കുട്ടി കുഴഞ്ഞുവീണു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് കുട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടെത്തിയ ചിന്നസാമിയാണ് മകളെയും നാട്ടുകാരെയും വിവരമറിയിച്ചത്. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ നാട്ടുകാർ ചിന്നസാമിയെ കുറ്റപ്പെടുത്തി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞുവീഴുകയായിരുന്നു.

ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചിന്നസാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ വിദഗ്ദ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FOUR YEAR OLD GRANDSON CHOKE TO DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360