ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. ബാരിക്കേഢിനി ്മുകളിലും പൊലീസ് വാഹനത്തിനും മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡിന് മുന്നിൽ നിന്നവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി, ഫുട്‌പാത്തിൽ നിന്നവരെയും പൊലീസ് ഒഴിപ്പിച്ചു, . സുപ്രീം കോടതിക്ക് മുന്നിൽ വൻസുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പൊലീസിനെയും കേന്ദ്രസേനയെയും റാപ്പിഡ‌് ആക്ഷൻ ഫോഴ്‌സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അതിനിടെ ഗ്യാനേഷ് കുമാറിന്റെ നടപടി ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി നൽകി. രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി കോടതി നാളെ പരിഗണിക്കും.. അതേസമയം ജനക്കൂട്ടം നിയന്ത്രണാതീതമാണെന്നും പിൻവാങ്ങണമെന്നും ഇന്ത്യ സഖ്യം നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഡി.സി.പിയാണ് ഇക്കാര്യം രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടത്. രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്.. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നാരംഭിച്ച മാർച്ചിൽ ഘടക കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |