SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.54 PM IST

സിഡ്നി കോൺഫറൻസിൽ പങ്കെടുത്ത് പ്രധാനമന്ത്രി ,സാങ്കേതിക രംഗത്ത് ആഗോള കൂട്ടായ്മയ്ക്ക് ആഹ്വാനം

narendra-modi

ക്രിപ്‌റ്റോ കറൻസി ദുരുപയോഗം ചെയ്യപ്പെടരുത്

ന്യൂഡൽഹി: സാങ്കേതിക വിദ്യ പൊതുനന്മയ്ക്ക് ഉപയോഗപ്പെടുത്തുന്ന ഇന്ത്യയുടെ നയം പിന്തുടരാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള കൂട്ടായ്മയിലൂടെ ഭാവി സാങ്കേതിക വിദ്യകൾ ആവിഷ്‌കരിക്കാൻ കഴിയുമെന്നും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമൊത്ത് വീഡിയോ കോൺഫറൻസ് വഴി നടത്തിയ സിഡ്നി കോൺഫറൻസിൽ നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ക്രി‌പ്‌റ്റോ കറൻസിയുടെ ദുരുപയോഗത്തിനെതിരെ ജനാധിപത്യ രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടലിന്റെ അടിത്തട്ടിലും സൈബർ ലോകത്തും ബഹിരാകാശത്തും പുതിയ വെല്ലുവിളികളും ഏറ്റുമുട്ടലുകളും നടക്കുകയാണ്. ഇന്തോ പസഫിക് മേഖലയിലും ഡിജിറ്റൽ ലോകത്തും ഇന്ത്യയ്‌ക്ക് നിർണായക സ്ഥാനമുണ്ട്. ഡിജിറ്റൽ രംഗത്ത് മേധാവിത്വമുള്ള ഇന്ത്യ വികസനത്തിനും സുരക്ഷയ്ക്കുമായി പങ്കാളികൾക്കൊത്ത് പ്രവർത്തിക്കാൻ തയാറാണ്. അതേസമയം ജനാധിപത്യത്തിന്റെ വിശാലത ദുരുപയോഗം ചെയ്യുന്നില്ലെന്നും ശ്രദ്ധിക്കണം. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ളവം ജനാധിപത്യത്തിലും സമ്പദ്‌വ്യവസ്ഥയിലും അധിഷ്ഠിതമാണ്. യുവാക്കളുടെ സംരംഭകത്വമാണ് അതിന്റെ ശക്തി. പഴയകാല വെല്ലുവിളികളെ അവസരങ്ങളാക്കി ഭാവിയിലേക്ക് മുന്നേറാനാണ് ശ്രമം.

ആധാർ, ഗ്രാമങ്ങളിലെ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, യു.പി.ഐ ഇടപാടുകൾ, സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ഷേമ പദ്ധതികൾ കൈമാറൽ, സ്റ്റാർട്ട്അപ്പ് മേധാവിത്വം, കാർഷിക രംഗത്തടക്കമുള്ള ഡിജിറ്റൽ പരിവർത്തനം, ടെലികോം രംഗത്ത് 5ജിയിലേക്കും 6ജിയിലേക്കുമുള്ള മാറ്റം, കൃത്രിമ ബുദ്ധി, ക്‌ളൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയവ ഇന്ത്യയിൽ സംഭവിക്കുന്ന പ്രധാന സാങ്കേതിക വിപ്ളവങ്ങളാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സെമികണ്ടക്ടർ അടക്കം ഇലക്ട്രോണിക്‌സ് , ടെലികോം മേഖലകളിൽ മുന്നേറാനുള്ള ശ്രമത്തിലാണ്.

വികസനത്തിനും സമൂഹത്തിന്റെ ശാക്തീകരണത്തിനും സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇന്ത്യ തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങൾ പഴയതും ആധുനിക സ്ഥാപനങ്ങൾ ശക്തവുമാണ്. ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും ശാക്തീകരിക്കാൻ നൂറ്റാണ്ടിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. സൈബർ സുരക്ഷയ്ക്കും തന്ത്രപ്രധാന മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംരക്ഷിക്കാനും ഇന്റലിജൻസ് സഹകരണം അടക്കം ശക്തിപ്പെടുത്തണം. ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണ നടപടികൾക്കും അതിർത്തി കടന്നുള്ള ഡാറ്റാ കൈമാറ്റത്തിനും ചട്ടങ്ങൾ കൊണ്ടുവരണം. അതേസമയം ക്രിപ്റ്റോകറൻസികളുടെ പ്രവർത്തനം ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന തരത്തിൽ തെറ്റായ കൈകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മോദി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360