SignIn
Kerala Kaumudi Online
Friday, 25 September 2026 12.20 PM IST

ഗുജറാത്ത്: രണ്ടാംഘട്ടത്തിലും കുറഞ്ഞ പോളിംഗ്

pic

ന്യൂഡൽഹി: ഗുജറാത്തിൽ മദ്ധ്യ, വടക്കൻ മേഖലകളിലെ 93 സീറ്റുകളിൽ 833 സ്ഥാനാർത്ഥികൾ മത്സരിച്ച രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 60 ശതമാനം പേർ വോട്ട് ചെയ്തു. 2017ൽ 70ശതമാനമായിരുന്നു പോളിംഗ്. ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും പുതിയ എതിരാളികളായ ആംആദ്‌മിപാർട്ടിയും തമ്മിൽ ത്രികോണ പോരാട്ടം നടക്കുന്ന ഗുജറാത്തിൽ ആദ്യഘട്ടത്തിലും പോളിംഗ് കുറഞ്ഞിരുന്നു (62%, 2017ൽ 66.7%).

ഒന്നാം ഘട്ടത്തിൽ പോളിംഗ് കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറെ പ്രചാരണം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പതിവുപോലെ ഇന്നലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ, രാവിലെ മുതൽ പോളിംഗ് മന്ദഗതിയിലായിരുന്നു. ഉച്ചയ്‌ക്ക് ഒരുമണിക്ക് 34ശതമാനവും മൂന്നുമണിക്ക് 55ശതമാനമായിരുന്നു പോളിംഗ്. രണ്ടും ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പോളിംഗ് കുറഞ്ഞത് ഭൂരിപക്ഷം കുറച്ചേക്കുമെന്ന ആശങ്കയിലാണ് ജയപ്രതീക്ഷയിലും സ്ഥാനാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 9ന് അഹമ്മദാബാദ് റാണിപ്പിലെ നിഷാൻ പബ്ളിക് സ്‌കൂളിൽ വോട്ടു രേഖപ്പെടുത്തി. വോട്ടു ചെയ്‌ത ശേഷം അദ്ദേഹം തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ സോമാഭായിയുടെ വീട്ടിലേക്ക് നടന്നുപോയി. ബൂത്തിലേക്കുള്ള വഴിയിൽ പ്രധാനമന്ത്രി രണ്ടരമണിക്കൂർ 'റോഡ് ഷോ' നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ആരോപണം ബി.ജെ.പി തള്ളി. മോദിയുടെ അമ്മ ഹീരാബെൻ ഗാന്ധിനഗറിൽ വോട്ടു ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർക്ക് അഹമ്മദാബാദിലായിരുന്നു വോട്ട്. ഡൽഹി ലെഫ്. ഗവർണർ വിനയ് കുമാർ സക‌്‌സേന, വിരഗ്രാമിലെ ബി.ജെ.പി സ്ഥാനാർത്ഥിയും പട്ടേദാർ നേതാവുമായ ഹാർദിക് പട്ടേൽ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖരും വോട്ടു ചെയ്‌തു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ഘട്‌ലോഡിയ), ഹാർദിക് പട്ടേൽ (വിരാംഗം), അൽപേഷ് ഠാക്കൂർ (ഗാന്ധിനഗർ സൗത്ത്), ദളിത് നേതാവ് ജിഗ്നേഷ് മേവാനി (വഡ്ഗാം), പ്രതിപക്ഷ നേതാവ് സുഖ്റാം രത്‌വ(ജെത്പൂർ), ബി.ജെ.പി വിമതനായ മധു ശ്രീവാസ്തവ്(വഗോഡിയ) തുടങ്ങിയവർ ഇന്നലെ ജനവിധി തേടിയവരിൽ ഉൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360