SignIn
Kerala Kaumudi Online
Friday, 25 September 2026 1.35 AM IST

ഇസിഐ നെറ്റ് സോഫ്റ്റ്‌വെയറിനെതിരെ പ്രതിപക്ഷം, മൂന്ന് ആവശ്യങ്ങളുമായി പാറ്റകൾ

d

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ഇ.സി.ഐ നെറ്ര്' എന്ന സോഫ്റ്റ്‌വെയറിനെതിരെ പ്രതിപക്ഷം രംഗത്ത്. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ തിരികെ ചേർക്കാൻ പ്രാദേശിക തലത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഈ സോഫ്റ്റ്‌വെയർ വിലക്കുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണിത്. അതീവ ഗൗരവകരമായ വിഷയമന്നും,സോഫ്റ്റ്‌വെയർ പിൻവലിക്കണമെന്നും ശശി തരൂർ എം.പി ആവശ്യപ്പെട്ടു. എസ്.ഐ.ആർ പ്രക്രിയക്കായി ഉപയോഗിക്കുന്ന ഈ സോഫ്‌റ്റ്‌വെയറിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ രഹസ്യമാക്കി വയ്‌ക്കുന്നുവെന്ന് തൃണമൂൽ ദേശീയ വക്താവ് സാകേത് ഗോഖലെ ആരോപിച്ചു.

വോട്ടർമാരെ നീക്കാൻ പര്യാപ്‌തമായ സോഫ്റ്റ്‌വെയർ ഡിസൈൻ ചെയ്യാൻ സ്വകാര്യ കമ്പനിയെ വാടകയ്‌ക്കെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും,ഐ.ടി വിഭാഗം മേധാവി സീമ ഖന്നയും ചേർന്നാണിത്. കമ്പനിയുടെ പേരും സോഫ്റ്റ്‌വെയറിന്റെ വിശദാംശങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ആരോപിച്ചു. ഇതിനിടെ,ഗ്യാനേഷിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യഹർജി സമ‌ർപ്പിക്കാൻ അഭിഭാഷകനായ ബ്രജേഷ് സിംഗ് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ അനുമതി തേടി.

സുപ്രീംകോടതിയിൽ കോടതിയലക്ഷ്യഹർജി സമർപ്പിക്കാൻ അറ്റോ‌ർണി ജനറലിന്റെ മുൻകൂർ അനുമതി അനിവാര്യമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് സ്ഥാപനത്തേക്കാൾ ശക്തനായ വ്യക്തിയെന്ന നിലയിൽ പ്രവർത്തിക്കാനാകില്ലെന്ന ടി.എൻ. ശേഷൻ കേസിലെ വിധി ഗ്യാനേഷ് ലംഘിച്ചെന്നാണ് ആരോപണം. രണ്ട് കമ്മിഷണർമാരുടെയും നിലപാടുകൾ മറികടന്ന് ഫുൾ കമ്മിഷൻ എന്ന നിലയിൽ തീരുമാനങ്ങളെടുക്കുന്നു.

ഗ്യാനേഷാണ് ഹീറോയെന്ന് പരിഹാസം

ബി.ജെ.പിയുടെ വിജയങ്ങൾക്കു പിന്നിൽ ഗ്യാനേഷാണെന്ന് കോക്രോച്ച് ജനത പാ‌ർട്ടി (സി.ജെ.പി) ആരോപിച്ചു. ബി.ജെ.പിയുടെ മിന്നും പ്രകടനത്തിന്റെ 'യഥാർത്ഥ ഹീറോ' ഗ്യാനേഷാണ്. അദ്ദേഹം ചുമതലയേറ്രതിനു പിന്നാലെ മഹാരാഷ്ട്ര,പശ്ചിമബംഗാൾ,ഹരിയാന,അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി വോട്ടുകൾ ഗണ്യമായി വർദ്ധിച്ചു. രാജിവയ്‌ക്കും വരെ പ്രക്ഷോഭമുണ്ടാകും. ജന്തർ മന്ദർ 2.0 ഉണ്ടാകുമെന്നും സി.ജെ.പി വക്താവ് അഭിജീത് ദീപ്കെ ഡൽഹിയിൽ പറഞ്ഞു.

മൂന്ന് ആവശ്യങ്ങളുമായി പാറ്റകൾ

1.ഗ്യാനേഷിനെതിരെ ഉടൻ ക്രിമിനൽ നടപടികൾ ആരംഭിക്കണം

2.വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളുടെയും നടപടികൾ നിർത്തിവയ്‌ക്കണം. എസ്.ഐ.ആർ നടപടികൾ മരവിപ്പിച്ച് 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കണം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഫയലുകൾ സുപ്രീം കോടതി ഉടൻ കസ്റ്റഡിയിലെടുക്കണം.

3.തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ കേന്ദ്രനിയമം റദ്ദാക്കണം. പൊതുസമൂഹത്തിന് വിശ്വാസം പകരുന്ന പുതിയൊരു നിയമം കൊണ്ടുവരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, CJP, ECI NET, SOFTWARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360