SignIn
Kerala Kaumudi Online
Friday, 25 September 2026 2.50 AM IST

'ഓപ്പറേഷൻ കളിക്കളം' റെയ്ഡ്: സ്പോർട്സ് കൗൺസിലുകളിൽ കോടികളുടെ അഴിമതി

manoj
മനോജ് എബ്രഹാം

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിലും 14 ജില്ലാ കൗൺസിലുകളിലും വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ കളിക്കളം" റെയ്ഡിൽ കണ്ടെത്തിയത് കോടികളുടെ ക്രമക്കേട്. കൗൺസിൽ ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 'പൈക്ക' പദ്ധതിയുടെ തുക ജില്ലാ കൗൺസിലുകൾ പൂർണമായി വിനിയോഗിച്ചിട്ടില്ലെന്നും ചെലവിട്ടതിൽ വൻക്രമക്കേടുണ്ടെന്നു കണ്ടെത്തി.

ഹോസ്​റ്റലുകളിൽ പഠനം നിറുത്തിപ്പോവുന്ന താരങ്ങളുടെ പേര് രജിസ്റ്ററിൽ നിലനിറുത്തി പണം തട്ടി. ഉപകരണങ്ങൾ വാങ്ങിയത് രജിസ്റ്ററിൽ ഇല്ല. 2019-21 കാലത്ത് സർക്കാർ ഉത്തരവില്ലാതെ ഗവ. ഉദ്യോഗസ്ഥൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി. ചട്ടവിരുദ്ധമായി അലവൻസുകളും യാത്രാബത്തയും വാങ്ങി. ദേശീയഗെയിംസിനായി ലഭിച്ച ഉപകരണങ്ങളും സാധനങ്ങളും കാണാനില്ല. അഞ്ച് ലാപ്ടോപ്പുകൾ ഓഫീസിലില്ല.

എല്ലായി​ടത്തും അഴി​മതി​

ആലപ്പുഴയിൽ ടെൻഡറില്ലാതെ 2.22ലക്ഷത്തിന്റെ കായികഉപകരണങ്ങൾ വാങ്ങി. സ്വിമ്മിംഗ് പൂളിലേക്കുള്ള 12 ലക്ഷത്തിന്റെ രാസവസ്തുക്കളും ടെൻഡറില്ലാതെ വാങ്ങി. അറ്റകുറ്റപ്പണി ടെൻഡറില്ലാതെ നൽകി.

കൊല്ലത്തെ വൗച്ചറുകളിൽ കടയുടെ പേരോ സീലോ ഇല്ല. ഓട്ടോ ചാർജായി വൗച്ചറുകളിലൂടെ പണം തട്ടി. ചെക്ക് ഇടപാടുകളുടെ രേഖയില്ല. ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.

പത്തനംതിട്ടയിൽ കരാർ രേഖകളും ഫയലുകളും രജിസ്റ്ററുകളുമില്ല. കോട്ടയത്ത് സ്​റ്റേഡിയങ്ങൾക്ക് വാടകയീടാക്കുന്നത് പല നിരക്കിൽ. താരങ്ങളുടെ രജിസ്ട്രേഷൻ ഫീസിന് രസീത് നൽകാതെ സീനിയർ ക്ലാർക്ക് വാങ്ങി. ഉപകരണങ്ങൾ കാണാനില്ല.

എറണാകുളത്ത് 93 സ്പോർട്സ് കിറ്റുകൾ കൂട്ടിയിട്ടിരിക്കുന്നു. തൃശൂരിൽ അക്വാട്ടിക് കോംപ്ലക്സിലെ 10 കടമുറികൾ സൗജന്യമായി നൽകി. രാജീവ്ഗാന്ധി ഖേൽ അഭിയാനിൽ 15.40ലക്ഷം ചെലവിട്ടതിന് ബില്ലില്ല.

മലപ്പുറത്ത് കായികഉപകരണങ്ങളുടെ രജിസ്റ്ററില്ല. ക്വട്ടേഷനില്ലാതെ വാങ്ങിക്കൂട്ടി.

കോഴിക്കോട്ട് ഫയലുകൾ കാണാനില്ല. ദേശീയഗെയിംസിനായി ലഭിച്ച എ.സികൾ അപ്രത്യക്ഷമായി. കൗൺസിലിന്റെ മുറിവാടകയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് 1.30കോടി വകമാറ്റി. സെലക്ഷൻ ക്യാമ്പുകളുടെ പണച്ചെലവിന്റെ കണക്കില്ല. കണ്ണൂരിൽ നടപടിക്രമം പാലിക്കാതെ വാഹനംവാങ്ങി. വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തിപ്പിൽ 70000രൂപയുടെ ക്രമക്കേട്.

കാസർകോട്ട് ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടാത്ത രണ്ടു താരങ്ങളെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചു. നീന്തൽകുളത്തിന്റെ കരാറുകാരനിൽ നിന്ന് ഓഫീസ് അസിസ്​റ്റന്റ് ഗൂഗിൾ പേ വഴി 38,400രൂപ കൈപ്പറ്റി.

'കണ്ടെത്തിയ അഴിമതികളിലും ക്രക്കേടുകളിലും കർശന നടപടികളെടുക്കും' -മനോജ് എബ്രഹാം

വിജിലൻസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS COUNCIL, LATESTNEWS, MANOJ EBRAHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360