
സുപ്രീംകോടതിയുടെ ഇടപെടൽ മേധയുടെ ഹർജിയിൽ
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്കെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഗ്യാനേഷിന്റെ മകളും നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ കളക്‌ടറുമായ മേധ രൂപയുടെ ഹർജിയിലാണിത്. നോയിഡയിലെ തൊഴിലാളി സമരത്തിൽ പങ്കെടുത്ത ഡൽഹി സർവകലാശാല വിദ്യാർത്ഥിനി ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കാൻ മേയ് 3ന് മേധ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആകൃതി സമർപ്പിച്ച ഹർജിയിൽ മലയാളി ജഡ്‌ജി അതുൽ ശ്രീധരൻ,ജസ്റ്റിസ് അചൽ സച്ച്ദേവ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതിരൂക്ഷ വിമർശനമാണുന്നയിച്ചത്.
കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി, ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഏകാധിപത്യപരമായ പെരുമാറ്റം യു.പിയെ ദുരിതപൂർണമായ അവസ്ഥയിലെത്തിക്കുമെന്ന് നിരീക്ഷിച്ചിരുന്നു. തടങ്കലിന് ഉത്തരവിടുംമുമ്പ് ഒരുതരത്തിലുമുള്ള ആലോചനയോ പരിശോധനയോ മേധയിൽ നിന്നുണ്ടായില്ല. ഉദ്യോഗസ്ഥരുടെ കൂറ് രാഷ്ട്രീയക്കാരോടല്ല, ഭരണഘടനയോടായിരിക്കണം. വിദ്യാർത്ഥിനിക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും അത് ജില്ലാ കളക്‌ടർ, ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇവയാണ് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |