
ന്യൂഡൽഹി: നാല് ദിവസം മുമ്പാണ് ജമ്മു കാശ്മീർ അതിർത്തിയിലെ തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാന് ലഭ്യമാക്കാൻ സഹായിച്ച
24 കാരനെ സുരക്ഷാസേന പിടികൂടിയത്. അതിനുമുമ്പ് സമാന കുറ്റകൃത്യത്തിന് മൂന്നുപേർ പിടിയിലായി. ഇന്ത്യൻ സൈനിക നീക്കങ്ങൾ തത്സമയം അറിയാൻ സിം കാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൈഡെഫനിഷൻ സ്മാർട്ട് സി.സി ടിവി ക്യാമറകൾ വിന്യസിക്കുന്നതാണ് പാകിസ്ഥാന്റെ പുതിയ തന്ത്രം.
രഹസ്യാന്വേഷണ ഏജൻസികൾ ഇതുസംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മു കാശ്മീരിലുൾപ്പെടെയുള്ള
സൈനിക ക്യാമ്പുകൾക്ക് സമീപവും ഹൈവേകളിലുമാണ് ക്യാമറ ഘടിപ്പിക്കുക. പാക് ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസാണ് (ഐ.എസ്.ഐ) പിന്നിൽ. ഐ.എസ്.ഐ ബന്ധമുള്ള ഷഹ്‌സാദ് ഭാട്ടി സംഘം വഴിയാണ് ഇതിനുള്ള ആളുകളെ റിക്രൂട്ട് ചെയ്‌തത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സാധാരണ സി.സി ടിവി ക്യാമറകളെ അപേക്ഷിച്ച് സുരക്ഷാ പരിശോധന മറികടക്കാൻ സിം കാർഡുള്ള സ്മാർട്ട് ക്യാമറകൾക്കാകും. കെട്ടിടങ്ങളുടെ പുറത്ത് ഘടിപ്പിച്ച് സൈന്യത്തിന്റെയും പ്രമുഖരുടെയും നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനാകും. സിം കാർഡുള്ളതിനാൽ സാധാരണ സെല്ലുലാർ നെറ്റ്‌വർക്കിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ ശേഖരിക്കുക.
രാജ്യത്തെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലും ഇവ സ്ഥാപിച്ച് ഐ.എസ്.ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. ഫോണിൽ വ്യാജ സിം കാർഡുകളാണ് ഉപയോഗിക്കുക. അതിനാൽ ഓപ്പറേറ്റർമാർക്ക് കണ്ടെത്താനും ബുദ്ധിമുട്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |