SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 PM IST

ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാര്‍; അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി

bihar

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. ഒരു യുഗത്തിന്റെ അന്ത്യമാണ് ഇതോടെ ബീഹാര്‍ രാഷ്ട്രീയത്തില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. മന്ത്രിസഭാ യോഗം ചേര്‍ന്നതിന് ശേഷം ലോക്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ക്കണ്ടാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.

നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബീഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച വൈകുന്നേരം എന്‍ഡിഎ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ബീഹാറില്‍ ഒബിസി സമുദായത്തില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രി എന്ന ബിജെപിക്ക് ഉള്ളിലെ ദീര്‍ഘകാലമായുള്ള വികാരം കണക്കിലെടുക്കുകയായിരുന്നു. രാജ്യസഭാ അംഗമായി ചുമതലയേറ്റ നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകളില്‍ ഒന്നിലേക്ക് എത്താനുള്ള സാദ്ധ്യത ശക്തമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും സംസ്ഥാനത്തെ പുതിയ സര്‍ക്കാരും നിതീഷിന്റെ നയങ്ങള്‍ പിന്തുടര്‍ന്ന് മുന്നോട്ട് പോകുമെന്ന് ജെഡിയു നേതൃത്വം പ്രതികരിച്ചു.

പത്തുതവണ ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലിരുന്നനേതാവാണ് ജെഡിയു അദ്ധ്യക്ഷനായ നിതീഷ് കുമാര്‍. അടുത്തിടെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ മനസില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നതായും അത് നിറവേറ്റുന്നതിനായാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നുമായിരുന്നു അതേക്കുറിച്ച് അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BIHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360