SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.23 PM IST

പാകിസ്ഥാന്റെ ഒളിഞ്ഞുനോട്ടം: ഇന്ത്യയെ നിരീക്ഷിക്കാൻ 16 മാസത്തിനുള്ളിൽ വിക്ഷേപിച്ചത് അരഡസൻ ഉപഗ്രഹങ്ങൾ

satellite-

ന്യൂഡൽഹി: ചൈനയുടെ ശക്തമായ പിന്തുണയോടെ പാകിസ്ഥാൻ 16 മാസത്തിനുള്ളിൽ ആറ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ഭൂപ്രദേശങ്ങളും തന്ത്രപരമായ പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള നിർണായക നീക്കമാണ് പാകിസ്ഥാൻ നടത്തുന്നതെന്നാണ് വിലയിരുത്തൽ. 2025 ജനുവരിക്കും 2026 ജൂണിനും ഇടയിലുള്ള 16 മാസത്തിനുള്ളിലാണ് പാകിസ്ഥാൻ തങ്ങളുടെ ബഹിരാകാശ നിരീക്ഷണശേഷി ദ്രുതവേഗത്തിൽ വർദ്ധിപ്പിച്ചത്.

ഈ ഉപഗ്രഹങ്ങൾ ജമ്മു-കാശ്മീരുൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ പ്രദേശങ്ങൾ നിരന്തരം നിരീക്ഷിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കാർഷിക മേഖലയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഈ ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതിൽ കൃത്രിമബുദ്ധി (എഐ)​ ഉപയോഗിച്ചുള്ള അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂറിന്' ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് അതിവേഗത്തിലുള്ള ഈ ഉപഗ്രഹശൃംഖല വിപുലീകരണം നടക്കുന്നത്. ഈ ഉപഗ്രഹങ്ങൾക്ക് സൈനിക ആവശ്യങ്ങൾക്കായുള്ള ഇന്റലിജൻസ് വിവരശേഖരണത്തിലും ചാരപ്രവർത്തനങ്ങളിലും നേരിട്ട് പങ്കുവഹിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാന്റെ ബഹിരാകാശ മേഖലയിലെ ഈ വളർച്ചയും ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന സഹകരണവും ഇന്ത്യയ്ക്ക് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്.

16 മാസത്തിനിടെ വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ചൈനീസ് റോക്കറ്റുകളിലാണ് ബഹിരാകാശത്തെത്തിച്ചിരിക്കുന്നത്. ചൈനയുടെ വലിയ തോതിലുള്ള സഹായമില്ലാതെ ഇത്രയും വേഗത്തിൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിന്യസിക്കുകയെന്നത് പാകിസ്ഥാന് എളുപ്പമാകില്ലെന്നാണ് സുരക്ഷാ നിരീക്ഷകർ വിലയിരുത്തുന്നത്. സാധാരണ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി ദക്ഷിണേഷ്യൻ മേഖലയ്ക്ക് മുകളിലൂടെ ദിവസത്തിൽ പലതവണ കടന്നുപോകാൻ സഹായിക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SATELLITES, PAKISTHAN, INDIA, TRACKING, SECURITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360