ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ എണ്ണവില വര്‍ദ്ധിപ്പിക്കാതിരുന്നത് കാരണം പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം 74,781 കോടി രൂപയാണ്. പെട്രോള്‍, ഡീസല്‍, എല്‍പിജി വില്‍പ്പനയിലെ ആകെ നഷ്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറയുന്നു. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില എപ്പോള്‍ കുറയുമെന്ന ചോദ്യത്തിന് ഉടനെ കുറയില്ലെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്ന് ലഭിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ നിലവില്‍ എണ്ണവിലയില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും, പ്രതിസന്ധി രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയില്‍ ആണ് കമ്പനികള്‍ ഇപ്പോഴും ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭീമമായ നഷ്ടമാണ് യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ കമ്പനികള്‍ക്കുണ്ടായത്. രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ 1,07,000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഒന്ന് പോലും ഇന്ധന പ്രതിസന്ധി കാരണം അടഞ്ഞുകിടന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഇപ്പോഴത്തെ വിലയില്‍ വില്‍പ്പന മുന്നോട്ട് പോയാല്‍ മാത്രമേ കമ്പനികള്‍ക്ക് നഷ്ടമില്ലാതെ എണ്ണ വില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും ഹര്‍ദീപ് സിംഗ് പുരി പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ വികസിത രാജ്യങ്ങളില്‍ 20 ശതമാനത്തോളവും ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ 35 ശതമാനത്തോളവും പെട്രോള്‍ വില വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇത് വെറും 5.58 ശതമാനം മാത്രമായി നിയന്ത്രിക്കാന്‍ സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
'രണ്ട് മാസം മുമ്പ് നിലവിലിരുന്ന ഉയര്‍ന്ന നിരക്കില്‍ വാങ്ങിയ ക്രൂഡ് പെട്രോളിയം സ്റ്റോക്ക് ആണ് നമ്മള്‍ ഇന്ന് ഉപയോഗിക്കുന്നത്. വിലയിലെ ഈ ഇടിവ് അടുത്ത രണ്ട് മൂന്ന് മാസത്തേക്ക് കൂടി തുടരുകയാണെങ്കില്‍ നമുക്ക് വിലക്കുറവിനെക്കുറിച്ച് ആലോചിക്കാം' ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വരും ആഴ്ചകളിലും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞുതന്നെ തുടരുകയാണെങ്കില്‍ മാത്രമേ വില കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |