ന്യൂഡൽഹി : ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്ടൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന് ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദി ഫെഡറേഷൻ ഒഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്.ഐ.പി) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
സഹപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ പൈലറ്റ് ഇൻ കമാൻഡ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് തുടരുകയും വിമാനത്തിന്റെ നിയന്ത്രണം നിലനിറുത്തുകയും ചെയ്തുവെന്ന് എഫ്.ഐ.പി കത്തിൽ ചൂണ്ടിക്കാട്ടി. ഗുരുതരമായ അപകടവും കടുത്ത പരിക്കുകളും അഭിമുഖീകരിക്കേണ്ടി വരുമ്പോഴും ഒരു യഥാർത്ഥ പ്രൊഫഷണൽ പൈലറ്റിന്റെ ഉത്തരവാദിത്വം തങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച ആളുകളുടെ സുരക്ഷയിൽ മാത്രമായിരിക്കുമെന്ന് ക്യാപ്ടൻ സ്മിത്തിന്റെ പ്രവർത്തനം തെളിയിക്കുന്നുവെന്നും എഫ്.ഐ.പി വ്യക്തമാക്കി. ഇതുപോലുള്ള അസാമാന്യ ധീരതയ്ക്ക് ഉന്നതതലത്തിൽ തന്നെ അംഗീകാരങ്ങൾ നൽകപ്പെടണം. അതിനാൽ ക്യാപ്ടൻ സ്മിത്തിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകുന്നത് പരിഗണിക്കണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു.
നേരത്തെ മിലിന്ദ് ദിയോറ എം.പിയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. സ്മിത്ത് മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിന് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |