SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.26 PM IST

നവജാത ശിശുക്കളെ തട്ടിയെടുത്ത് ലക്ഷങ്ങൾ ഈടാക്കി വില്പന: മനുഷ്യക്കടത്ത് സംഘം പിടിയിൽ

new-born

ന്യൂഡൽഹി: ഡൽഹിയിൽ നഴ്സിംഗ് ഹോമിന്റെ മറവിൽ നവജാത ശിശുക്കളെ പ്രൈസ് ടാഗ് ഇട്ട് വില്പന നടത്തിയതായി പൊലീസ്. സംഘം വില്പനയ്ക്കുള്ള കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നത് വ്യത്യസ്ത രീതികളിലായിരുന്നു. വില്പനയ്ക്ക് വയ്ക്കുന്നതിൽ തട്ടിക്കൊണ്ട് വരുന്ന കുഞ്ഞുങ്ങളും മാതാപിതാക്കളിൽ നിന്ന് കാശ് നൽകി വാങ്ങുന്ന കുഞ്ഞുങ്ങളും ഉൾപ്പെട്ടിരുന്നു. ലക്ഷങ്ങൾ കൊടുത്ത് നവജാത ശിശുക്കളെ വാങ്ങിക്കുകയും ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്തിരുന്ന സംഘത്തിനെയാണ് പൊലീസ് കണ്ടെത്തിയത്.

അ‌ഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കളുടെ പക്കൽ നിന്നും ലക്ഷങ്ങൾ നൽകി വാങ്ങുകയും കുട്ടികൾ ഇല്ലാത്തവർക്ക് വലിയ പ്രതിഫലം ഈടാക്കി വിൽക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. പെൺകുഞ്ഞിന് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയും ആൺകുഞ്ഞിന് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയായിരുന്നു സംഘം വിലയിട്ടിരുന്നത്. പതിവായി ഓരോ കുഞ്ഞുങ്ങളുമായി ഡൽഹിയിലെ പഹാർഗഞ്ചിലെത്തിയിരുന്ന യുവതിയെക്കുറിച്ചുള്ള രഹസ്യ അന്വേഷണത്തെത്തുടർന്നാണ് വൻ മനുഷ്യക്കടത്ത് സംഘത്തിലേക്ക് പൊലീസ് എത്തിയത്. ഒരു കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേനയാണ് പൊലീസ് സംഘത്തെ സമീപിച്ചത്.

കുഞ്ഞിനെ തിരഞ്ഞെടുക്കുന്നതിന് 20,000 രൂപയാണ് പൊലീസ് ടോക്കൺ അഡ്‌വാൻസായി സംഘത്തിന് നൽകിയത്. ഈ മാസം അഞ്ചിന് വേഷം മാറിയെത്തിയ പൊലീസുകാർക്ക് കുട്ടിയെ കൈമാറുന്നതിനിടെയാണ് മനുഷ്യക്കടത്ത് സംഘത്തിലെ യുവതി അറസ്റ്റിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന മനുഷ്യക്കടത്ത് പുറത്തായത്. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമാണ് സംഘം വില്പനയ്ക്കായി കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നത്. മദ്ധ്യപ്രദേശിലും ഹരിയാനയിലുമായിരുന്നു സംഘം പ്രധാനമായും കുഞ്ഞുങ്ങളുടെ വില്പന നടത്തിയിരുന്നത്.

രോഹിണിയിൽ ബീഗംപൂരിലെ ഹിരാസ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു കുട്ടികളെ വിൽക്കുന്നതിന്റെ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. ഈ ആശുപത്രിയുടെ ഉടമായായ ഡോ. വിവേകാണ് മനുഷ്യക്കടത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന കുഞ്ഞുങ്ങളെ വില്പന പൂർത്തിയാകുന്നത് വരെ ഈ ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്. ഈ കുഞ്ഞുങ്ങൾക്ക് വ്യാജ ജനന സർട്ടിഫിക്കറ്റും പ്രസവ രേഖകളും അടക്കം ആശുപത്രിയിൽ നിന്ന് നൽകിയിരുന്നതായാണ് കണ്ടെത്തൽ. കൃത്യമായ ഇടപെടലിലൂടെ പൊലീസ് അഞ്ച് കുഞ്ഞുങ്ങളെ സംഘത്തിന്റെ പക്കൽ നിന്നും രക്ഷപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, HUMAN TRAFFICKING, POLICE ARREST, NEWBORN BABIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360