SignIn
Kerala Kaumudi Online
Sunday, 06 September 2026 12.48 AM IST

'കൈകാലുകൾ തകർത്ത് കൊല്ലാനായിരുന്നു ആദ്യം പദ്ധതിയിട്ടത്',​ പൂനെ വധക്കേസിൽ നിർണായക തെളിവുമായി പൊലീസ്

siya-chetan-ritesh
കേതൻ അഗർവാൾ, സിയാ ഗോയൽ, അറസ്റ്റിലായ സുഹൃത്ത് റിതേഷ് ഹാംഗെ

മുംബയ്: പൂനെയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക ക്കേസിൽ മൂന്നാമത്തെയാളും അറസ്റ്റിൽ. കേസിലെ മുഖ്യ പ്രതികളായ സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കും പിന്നാലെ ചേതന്റെ സുഹൃത്തായ റിതേഷ് ഹാംഗെയെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ റിതേഷിനെ വഡ്ഗാവ് മാവൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. സെപ്തംബർ 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കേതന്റെ കൈകാലുകൾ തകർത്ത ശേഷം കൊലപ്പെടുത്താനായിരുന്നു ആദ്യം സിയയും ചേതനും ആസൂത്രണം ചെയ്തിരുന്നത്. പിന്നീട് ജൂൺ 18ന് ലോഹഗഡ് കോട്ടയിൽ കേതനെ കൊലപ്പെടുത്തിയ ശേഷം ചേതൻ റിതേഷിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതായും പൊലീസ് പറയുന്നു. പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് റിതേഷിന്റെ പങ്ക് പുറത്തായത്. ലോഹഗഡ് കോട്ടയിൽ നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തുന്നതിനെക്കുറിച്ചും തെളിവുകൾ നശിപ്പിക്കുന്നതിനെക്കുറിച്ചും ഫോണിൽ ചാറ്റുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. റിതേഷിനെ ചോദ്യം ചെയ്തുവരികയാണ്.

ജൂൺ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഹഗഡ് കോട്ടയിൽ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതൻ അഗർവാൾ ഒരു മലയിടുക്കിൽ വീണ് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്നത്. അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ലോണാവാല റൂറൽ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേതന്റെ സഹോദരിക്ക് സംഭവത്തിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്നു. സംസ്‌കാരം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം സിയ കേതന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സിയയോട് സഹോദരി വിശദമായി ചോദിച്ചപ്പോൾ ലഭിച്ച മറുപടികളിലെ വൈരുദ്ധ്യങ്ങൾ സംശയം ശക്തമാക്കി.

പിന്നീട് കുടുംബം പൊലീസിനെ സമീപിച്ച് അന്വേഷണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് സിയയും ചേതനും ചേർന്ന് കേതനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. ജൂൺ 23ന് ഇരുവരെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണത്തിനിടെയാണ് റിതേഷിലേക്കും അന്വേഷണം എത്തിയത്. മൂന്നാമത്തെ പ്രതിയുടെ അറസ്റ്റോടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

English Summary

A third person, Ritesh Hange, has been arrested in connection with the murder of Pune businessman Ketan Agarwal. Police allege that Hange, a friend of prime accused Chetan Chaudhary, was involved in planning the murder and in discussions about destroying evidence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KETHAN AGARWAL MURDER CASE, PUNE, LATESTNEWS, SIYA GHOYAL, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360